കൊച്ചി-മുസിരിസ് ബിനാലെ നാലാം പതിപ്പില്‍ പങ്കെടുക്കുന്ന പ്രമുഖര്‍ ഇവരൊക്കെ

By Web deskFirst Published Jun 13, 2018, 3:07 PM IST
Highlights

ഡിസംബര്‍ 12 നു ആരംഭിക്കുന്ന പ്രദര്‍ശനം 2019 മാര്‍ച്ച്‌ 29 വരെ നീണ്ടു നില്‍ക്കും

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെയുടെ 2018 പതിപ്പിന് ഡിസംബര്‍ 12 നു ആരംഭിക്കും. പ്രശസ്ത ആര്‍ടിസ്റ്റ് അനിത ദുബെയാണ് 108 ദിവസം നീണ്ടുനില്‍ക്കുന്ന കലാപ്രദര്‍ശനങ്ങളുടെ ഇത്തവണത്തെ ക്യൂറേറ്റര്‍. 

ലോക പ്രശസ്തരായ പല ആര്‍ടിസ്റ്റുകളും നാലാം ലക്കത്തില്‍ പങ്കെടുക്കുന്നുണ്ട്. നെതര്‍ലന്‍ഡില്‍ നിന്നുള്ള മര്‍ലിന്‍ ദുമാസ്, ഓസ്ട്രിയയില്‍ നിന്നും വാലി എക്സ്പോര്‍ട്ട്‌, ചൈനയില്‍ നിന്നും സോങ്ങ് ഡോങ്ങ്, അമേരിക്കയില്‍ നിന്നും ഗറില്ല ഗേള്‍സ് എന്നിവരെ കൂടാതെ ഇന്ത്യയില്‍ നിന്നും ജിതീഷ് കല്ലാട്ട്, നീലിമ ഷെയ്ഖ് തുടങ്ങിയവരാണ് ഇത്തവണ പങ്കെടുക്കുന്ന ചില പ്രമുഖര്‍.

ഡിസംബര്‍ 12 നു ആരംഭിക്കുന്ന പ്രദര്‍ശനം 2019 മാര്‍ച്ച്‌ 29 വരെ നീണ്ടു നില്‍ക്കും. 

സൃഷ്ടികള്‍ തിരഞ്ഞെടുക്കുന്നതിലും സംഘാടനത്തിലും വേദികള്‍ ഒരുക്കുന്നതിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്താന്‍ ബിനാലെ നടത്തിപ്പുകാര്‍ ഇതുവരെയുള്ള വര്‍ഷങ്ങളില്‍ ശ്രമിച്ചിരുന്നു. ഇത്തവണ 29 രാജ്യങ്ങളാണ് ഒരുക്കങ്ങളുടെ ഭാഗമായി അനിത ദുബെ സന്ദര്‍ശിച്ചത്. 

വെറുമൊരു കലാപ്രദര്‍ശനം എന്നതില്‍ ഉപരി കലയെ ആളുകളിലേക്ക്‌ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ തവണയും പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവരുമായി സന്ദര്‍ശകര്‍ക്ക് സംവദിക്കാനും കലയെ കൂടുതല്‍ അടുത്തറിയാനും ആളുകളില്‍ അവബോധം ഉണ്ടാക്കാനും അവസരം ഉണ്ടാകും. കലയെ കൂടുതല്‍ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബിനാലെ അറിവിന്‍റെ പരീക്ഷണശാലയാണ് ഒരുക്കുന്നതെന്ന് അനിത ദുബെ പറഞ്ഞു. 

click me!