എകെജിക്കെതിരായ പരാമര്‍ശം; ബല്‍റാമിനെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കണമെന്ന് കോടിയേരി

Published : Jan 06, 2018, 05:09 PM ISTUpdated : Oct 04, 2018, 11:32 PM IST
എകെജിക്കെതിരായ പരാമര്‍ശം; ബല്‍റാമിനെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കണമെന്ന് കോടിയേരി

Synopsis

തിരുവനന്തപുരം: എകെജിയെ അപമാനിച്ച കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്ടട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബലറാമിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഹീനമായ പ്രചരണം തീര്‍ത്തും അപലപനീയമാണെന്ന് കോടിയേരി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കോടിയേരി ബലറാമിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

ബലറാം നടത്തിയ പ്രസ്താവനയില്‍  കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതിന് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യരെ പുറത്താക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കോടിയേരി ഓര്‍മിപ്പിച്ചു. താരതമ്യങ്ങളില്ലാത്ത എകെജിയുടെ ഔന്നത്യത്തെ കളങ്കപ്പെടുത്താനുള്ള പ്രചാരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വിവേകപൂര്‍ണമായ ഇടപെടല്‍ വേണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാവങ്ങളുടെ പടത്തലവന്‍ സഖാവ് എ കെ ജിയെ അപമാനിച്ച് ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ നേതൃത്വത്തില്‍ നടത്തുന്ന ഹീനമായ പ്രചരണം തീര്‍ത്തും അപലപനീയമാണ്.

പ്രധാനമന്ത്രിയും ആര്‍ എസ് എസ് പ്രചാരകനുമായ നരേന്ദ്രമോദിയെ 'നീച് ആദ്മി' എന്ന് വിശേഷിപ്പിച്ചതിന് മണിശങ്കര്‍ അയ്യരെ പുറത്താക്കിയ പാര്‍ടിയാണ് കോണ്‍ഗ്രസ്. സ്വതന്ത്ര്യസമരസേനാനിയും ആദ്യകാല കോണ്‍ഗ്രസ്സ് നേതാവുമായ എ കെ ജിയെ മരണാനന്തരം നീചമായ വാക്കുകളിലൂടെ ആക്ഷേപിച്ച കോണ്‍ഗ്രസ് എം എല്‍ എയോട് എന്താണ് സമീപനമെന്ന് രാഹുല്‍ ഗാന്ധിയും എ കെ ആന്റണിയും വ്യക്തമാക്കണം.

എ കെ ജിയുടെ മരണത്തിന് കൊതിച്ച് 'കാലന്‍ വന്ന് വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ' എന്ന് മുദ്രാവാക്യം വിളിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. അന്നുപോലും നികൃഷ്ട മനസുകളില്‍ നിന്നുയരാത്ത കുപ്രചരണമാണ് ഇന്ന് നടത്തുന്നത്.

പാവപ്പെട്ടവര്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും, തൊഴിലാളികള്‍ക്കും വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച നേതാവാണ് എ കെ ജി. സ്വാതന്ത്ര്യസമര ചരിത്രത്തിലും എ കെ ജിയുടെ പങ്ക് ചെറുതല്ല. ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ള ദേശീയ നേതാക്കള്‍ എ കെ ജിയോട് കാട്ടിയ ആദരവ് പാര്‍ലമെന്റ് രേഖകലിലെ തിളക്കമുള്ള ഏടാണ്. ആദ്യ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ നയിച്ച എ കെ ജി കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ ശബ്ദമുയര്‍ത്തി. ഏതൊരു ഇന്ത്യക്കാരന്റെയും എക്കാലത്തെയും അഭിമാനമാണ് എ കെ ജി എന്ന ത്രയാക്ഷരി. പാവങ്ങളുടെ പടത്തലവന്‍ എന്ന വിശേഷണം നിസ്വവര്‍ഗ്ഗത്തിന് വേണ്ടിയുള്ള നിരന്തരപോരാട്ടങ്ങളിലൂടെയാണ് എ കെ ജി ആര്‍ജ്ജിച്ചത്.

താരതമ്യമില്ലാത്ത ആ രാഷ്ട്രീയ ഔന്നത്യത്തെ കളങ്കപ്പെടുത്താനുള്ള പ്രചരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിവേകപൂര്‍ണ്ണമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് എം എല്‍ എയുടെ നീചമായ ഈ നടപടിയോട് പ്രബുദ്ധകേരളം ഒരിക്കലും പൊറുക്കില്ല.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖുറാൻ തൊട്ട് പുതിയ ചരിത്രത്തിലേക്ക് സത്യപ്രതിജ്ഞ; അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്‍റെ മേയറായി ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി
കഫ് സിറപ്പ് വിൽപ്പന: കടുത്ത നിയന്ത്രണത്തിന് കേന്ദ്രം, ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്ന് സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കും