സെക്രട്ടറിയായി കോടിയേരി വീണ്ടും; നേരിടാന്‍ പ്രതിസന്ധികള്‍ ഏറെ

Published : Feb 25, 2018, 06:09 PM ISTUpdated : Oct 04, 2018, 11:51 PM IST
സെക്രട്ടറിയായി കോടിയേരി വീണ്ടും; നേരിടാന്‍ പ്രതിസന്ധികള്‍ ഏറെ

Synopsis

തൃശ്ശൂര്‍: നേതൃമാറ്റ ചര്‍ച്ചകൾക്ക്  പേരിന് പോലും ഇടം കിട്ടാതെയാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങുന്നത്. മക്കളുൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസടക്കം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങൾ പലതുണ്ടായിട്ടും സംസ്ഥാന സെക്രട്ടറി പദവിയിലെ രണ്ടാം ഊഴത്തിനിറങ്ങിയ കോടിയേരി ബാലകൃഷ്ണന് മുന്നിൽ അതൊന്നും തടസമായതുമില്ല 

മായാത്ത ചിരിയും  സൗമ്യഭാവവുമാണ് പതിവെങ്കിലും മുൻപെങ്ങുമില്ലാത്ത വിധം മുഖം  മങ്ങിയാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂര്‍ക്ക് വണ്ടികയറിയത്. വിഭാഗീയതയൊഴിവാക്കി നടത്തിയ ജില്ലാ സമ്മളനങ്ങളുടെ എല്ലാം നിറം കെടുത്തി മക്കളുൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് . പാര്‍ട്ടിയും പാര്‍ട്ടി സെക്രട്ടറിയും ഒരുപോലെ പ്രതിരോധത്തിലായ ആരോപണം. രൂക്ഷ വിമര്‍ശനം കണക്കു കൂട്ടിയെങ്കിലും പ്രതീക്ഷിച്ചത്ര പരിക്കില്ലാതെ സമ്മേളന നടപടികൾ തീര്‍ന്നു. നിര്‍ണ്ണായക സമയത്ത് ഉയര്‍ന്ന  വിവാദം ഒരുഘട്ടത്തിലും കോടിയേരിക്കെതിരായ ആയുധമാകാതിരിക്കാനുള്ള ജാഗ്രത തുടക്കം മുതലെ ഉണ്ടായിരുന്നു. 

ചര്‍ച്ചകൾക്കുള്ള സാധ്യത മനപൂർവ്വം ഒഴിവാക്കിയാണ്  സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി  സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന സമിതിയോഗങ്ങൾ പോലും നടന്നത്. സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരുന്നതിന് തൊട്ട്  മുൻപ് കണ്ണൂരിലെ കൊലപാതകം കൂടിയായതോടെ പാർട്ടിക്കകത്തും  അകത്തും പുറത്തും ചർച്ചകളെല്ലാം ആ വഴിക്കായി.   കോടിയേരി വീണ്ടും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കസേരയിൽ തിരിച്ചെത്തി. 

എന്നും അധികാരം തേടിയെത്തിയതാണ് കോടിയേരി ബാലകൃഷ്ണനെന്ന കമ്മ്യൂണിസ്റ്റിന്റെ രാഷ്ട്രിയ ചരിത്രം. 29 ആം വയസ്സിൽ എംഎൽഎ,  കഴിഞ്ഞ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിസ്ഥാനം അടക്കം പിണറായിയും വിഎസും തമ്മീലെ ദ്വന്ദയുദ്ധത്തിൽ ഗുണമത്രയും കിട്ടിയത് കോടിയേരിക്ക്. ഏറ്റവുമൊടുവിൽ ഇത്തവണയും പകരമൊരു പേരിന് പോലും പ്രസക്തിയില്ലാതായ തെരഞ്ഞെടുപ്പിൽ പക്ഷെ കോടിയേരിക്ക് മുന്നിൽ കടമ്പകൾ ഏറെയാണ്.  

16 വര്‍ഷത്തെ പിണറായി യുഗത്തിന് പിന്നാലെ എത്തിയ കോടിയേരി കഴിഞ്ഞ മൂന്ന് വര്‍ഷം മുഖ്യന്ത്രിക്കും സര്‍ക്കാറിനും പുറകിൽ മാത്രം പാര്‍ട്ടിയെ നിര്‍ത്തിയെന്ന ആരോപണം നിലവിലുണ്ട്. മാണിയെ മുൻനിര്‍ത്തിയുള്ള മുന്നണി വിപുലീകരണ ചര്‍ച്ചകൾ. പൊതു തെരഞ്ഞെടുപ്പിനെ വെല്ലും വിധം ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വരുന്നു. പിന്നാലെ ലോക് സഭയിലേക്കും. 

സംഘടനാ സംവിധാനത്തിന്‍റെ കെട്ടുറപ്പും കരുത്തും സംരക്ഷിക്കാൻ കോടിയേരിക്കാകുമോ ? രാഷ്ട്രീയ കൊലപാതകങ്ങളിലും അനധികൃത സ്വത്തുസമ്പാദനമടക്കം  നയവ്യതിയാനങ്ങളിലും നിലപാടെന്താകും ? പിണറായിക്ക് വിധേയമെന്ന ചീത്തപ്പേരിൽ നിന്ന് പാര്‍ട്ടിയെ വീണ്ടെടുക്കുമോ? മറുപടി കാക്കുകയാണ് രാഷ്ട്രീയ കേരളം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്, തിരുവനന്തപുരത്തം കൊച്ചിയിലും മേയറായില്ല