നിലമ്പൂര്‍ വെടിവെയ്‌പ്പ്: സിപിഐയെ തള്ളി സിപിഐഎം

By Web DeskFirst Published Dec 2, 2016, 8:30 AM IST
Highlights

തിരുവനന്തപുരം: നിലമ്പൂര്‍ സംഭവത്തില്‍ സിപിഐ നേതൃത്വത്തിന്റെ നിലപാട് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാവോവാദികളുടെ ചിന്തയേയും സമരതന്ത്രത്തെയും പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്നതും പുകഴ്ത്തുന്നതും അപകടമാണെന്ന് കോടിയേരി. നിലമ്പൂര്‍ വെടിവയ്പില്‍ പോലീസിനെ അവിശ്വസിക്കേണ്ടെന്നും ദേശാഭിമാനി ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കുന്നു.

നിലമ്പൂര്‍ കാട്ടില്‍ രണ്ടു മാവോയിസ്റ്റ് നേതാക്കള്‍ വെടിയേറ്റ് മരിച്ച സംഭവം ദേശീയതലത്തില്‍ ചര്‍ച്ചയാകുകയും സിപിഐ നേതൃത്വം പോലീസ് നടപടികളെ വിമര്‍ശിക്കുകയും മാവോയിസ്റ്റനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിശദമായ രാഷ്ട്രീയലേഖനത്തിലൂടെ സിപിഐ നിലപാടുകളെ കോടിയേരി തള്ളിക്കളയുന്നത്. നിയമവിരുദ്ധമായി കാടുകളില്‍ സംഘടിച്ച് കൂട്ടക്കൊലയും അരാജകത്വവുമൊക്കെയുണ്ടാക്കി ആശയം നടപ്പാക്കാമെന്ന മാവോയിസ്റ്റ് രീതിതന്നെ ശരിയല്ല. കേരളത്തിലേക്ക് ഇവരിപ്പോള്‍ കടന്നിരിക്കുന്നത് ദുരൂഹമാണ്. ഇവരെ വേട്ടയാടി നശിപ്പിക്കണമെന്ന നിലപാട് എല്‍ഡിഎഫിനില്ല. എന്നാല്‍ ഇവര്‍ നിയമപരമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. ജനാധിപത്യവാദികള്‍ മാവോയിസ്റ്റുകളെ പിന്തുണക്കില്ല. അവരെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്നതും അപകടമാണ്. നിലമ്പൂര്‍ സംഭവത്തില്‍ പോലീസ് നടപടി ന്യായീകരിച്ച് ഡിജിപി പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പമാണ് സിപിഐഎമ്മെന്നും കോടിയേരി പറയുന്നു. പോലീസിനെ അവിശ്വസിക്കേണ്ടതില്ല. സുപ്രീം കോടതി നിര്‍ദേശപ്രകാരമുള്ള നിയമനടപടികള്‍ക്ക് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്നും ലേഖനത്തില്‍ കോടിയേരി ചൂണ്ടിക്കാണിക്കുന്നു.

 

click me!