ഒരു സ്കൂളിന് കൂടി മരണമണി; കൊണ്ടോട്ടി മാങ്ങാട്ടുമുറി എഎംഎ എല്‍പി സ്കൂള്‍ അടച്ചുപൂട്ടി

By Web DeskFirst Published Jun 7, 2016, 4:34 AM IST
Highlights

സ്കൂള്‍ പൂട്ടുന്നതിനെതിരെ ദിവസങ്ങളായി നാട്ടുകാര്‍ ഉയര്‍ത്തിയിരുന്ന പ്രതിഷേധം മറികടന്നാണ് മാങ്ങാട്ടുമുറി എഎംഎ എല്‍പി സ്കൂള്‍ പൂട്ടിയത്. കൊണ്ടോട്ടി എഇഒ ആശിഷിന്റെ നേതൃത്വത്തിലുള്ള ഉദ്ദ്യോഗസ്ഥര്‍ രാവിലെ ഏഴു മണിയോടെയാണ് അടച്ചുപൂട്ടലിനുള്ള നടപടിക്രമങ്ങള്‍ക്കായി സ്കൂളിലെത്തിയത്. ഏഴരയോടെ നടപടികള്‍ ആരംഭിച്ചു. പ്രതിഷേധങ്ങള്‍ ഭയന്നാണ് കനത്ത പൊലീസ് കാവലില്‍ ഇത്ര രാവിലെ ഉദ്ദ്യോഗസ്ഥ സംഘം സ്കൂളിലെത്തിയത്. തുടര്‍ന്ന് നാട്ടുകാരും എസ്എഫ്ഐ പ്രവര്‍ത്തരും പ്രതിഷേധവുമായി സ്കൂളിലെത്തി.

ഉദ്ദ്യോഗസ്ഥരെ പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് നീക്കി. 7.45ഓടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്കൂളിലെ രേഖകളുമായി ഉദ്ദ്യോഗസ്ഥര്‍ പുറത്തിറങ്ങി. ജനരോഷം ഭയന്ന് സ്കൂളിന്റെ പിറകിലെ വഴിയിലൂടെയാണ് ഇവര്‍ പുറത്തുപോയത്. സ്കൂള്‍ അടച്ചുപൂട്ടിയതറിയാതെ രാവിലെ തന്നെ നിരവധി കുട്ടികള്‍ സ്കൂളിലെത്തിയിരുന്നു. 63 കൂട്ടികളാണ് സ്കൂളിലുണ്ടായിരുന്നത്. 18 പേര്‍ ഈ വര്‍ഷം പുതുതായി പ്രവേശനം നേടുകയും ചെയ്തു. ഓഫീസ് മുറി മാത്രമേ സീല്‍ ചെയ്തിട്ടുള്ളെന്നും മറ്റ് മുറികളില്‍ അധ്യയനം നടത്താനുള്ള വഴികള്‍ തേടുമെന്നും നാട്ടുകാര്‍ പറഞ്ഞു.

click me!