
തൃശൂര്‍: മലയാള സിനിമയിൽ അൻപതാണ്ട് പിന്നിടുന്ന കെപിഎസി ലളിതയ്ക്ക് ആദരവുമായി സിനിമാ സാംസ്കാരിക രംഗത്തെ സൗഹൃദക്കൂട്ടായ്മ. ലളിതം 50 എന്ന പേരിൽ ഈ മാസം 11ന് തൃശൂരിലാണ് പരിപാടി. സിനിമാ താരങ്ങളായ മഞ്ജു വാര്യരും സംയുക്ത വർമ്മയും ചേർന്ന് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
കെപിഎസിയുടെ നാടകവേദികളിൽ തുടങ്ങിയ അഭിനയജീവിതം വെള്ളിത്തിരയിലെത്തി അമ്പതാണ്ട് തികയുമ്പോൾ ആഘോഷമാക്കാനൊരുങ്ങുകയാണ് സാംസ്കാരിക തലസ്ഥാനം. സ്വാഭാവിക അഭിനയത്തിലൂടെ മലയാളിയെ വിസ്മയിപ്പിച്ച അഞ്ഞൂറിലേറെ ചിത്രങ്ങൾ.
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച കെപിഎസി ലളിതയ്ക്ക് ആദരമൊരുക്കുന്ന പരിപാടി സ്ത്രീശാക്തീകരണത്തിന്‍റെ വ്യത്യസ്ഥ മാതൃകയാകും. ശാരദ, ഷീല, വിധുബാല,രേവതി, ഉർവ്വശി,മേനക തുടങ്ങി പത്ത് നടിമാർ ചേർന്ന് വിളക്ക് കൊളുത്തിയാകും ലളിതം 50 ഉദ്ഘാടനം ചെയ്യുക. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പത്ത് സ്ത്രീകളെയും പരിപാടിയിൽ ആദരിക്കും.
പി. ജയചന്ദ്രൻ, വിജയ് യേശുദാസ്, ഉണ്ണി മേനോൻ തുടങ്ങിയവർ ഒരുക്കുന്ന സംഗീത സന്ധ്യയും വിനീത് അപർണ ബാലമുരളി, രചന നാരായണൻ കുട്ടി തുടങ്ങിയവരൊരുക്കുന്ന നൃത്തവും മെഗാഷോയുടെ ഭാഗമായുണ്ടാകും. സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കൂടിയായ കെപിഎസി ലളിത സംവിധായകൻ ഭരതന്‍റെ ഭാര്യയതു മുതൽ തൃശൂരിലാണ് താമസം. തൃശൂർ വെറ്റിനറി സർവ്വകലാശാല ഗ്രൗണ്ടിലെ പരിപാടിയിൽ സിനിമാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും പങ്കെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam