മലര്‍ന്ന് കിടന്ന് മേല്‍പ്പോട്ട് തുപ്പരുത്; കെ. മുരളീധരനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി

Web Desk |  
Published : Jun 04, 2018, 05:49 PM ISTUpdated : Oct 02, 2018, 06:32 AM IST
മലര്‍ന്ന് കിടന്ന് മേല്‍പ്പോട്ട് തുപ്പരുത്; കെ. മുരളീധരനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി

Synopsis

കോണ്‍ഗ്രസിനെ തകര്‍ത്തവരില്‍ കെ. കരുണാകരനും മുരളീധരനുമുണ്ട് തോല്‍വിയില്‍ പാര്‍ട്ടിയെ തള്ളിപ്പറയരുത് മുരളീധരനെതിരെ വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തില്‍ പ്രതിപക്ഷ നേതാവിനെയും പാര്‍ട്ടിയെയും വിമര്‍ശിച്ച കെ. മുരളീധരന്‍ എംഎല്‍എയെ വിമര്‍ശിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍. കോൺഗ്രസിന്റെ അടിത്തറ തകർന്നു എന്ന മുറവിളി ചെങ്ങന്നൂർ പരാജയത്തിന്റെ പിറ്റേന്ന് മുതൽ പാർട്ടിയുടെ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. . അടിത്തറ തകർക്കാൻ ഓരോ ഘട്ടത്തിലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കു വഹിച്ചവരും ഇപ്പോൾ അലമുറയിടുന്നുണ്ട്. വെറുതെ മലർന്നു കിടന്നു മേല്‍പ്പോട്ട് തുപ്പരുത് എന്ന് എന്‍ സുബ്രഹ്മണ്യന്‍ പറയുന്നു.

ചെങ്ങന്നൂരിലെ പരാജയത്തില്‍ രമേശ് ചെന്നിത്തലയുടെ വാര്‍ഡിലടക്കം കോണ്‍ഗ്രസ് പിന്നാക്കം പോയതിനെ കെ. മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ചെന്നിത്തല ഗ്രൂപ്പുകാരനായ കെപിസിസി ജനറല്‍ സെക്രട്ടറി തുറന്ന വിമര്‍ശനവുമായി രംഗത്ത് വന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുബ്രഹ്മണ്യന്‍റെ പ്രതികരണം.

ജനവികാരം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു എന്നൊക്കെ വിലപിക്കുന്നവർ സ്വയം വിലയിരുത്തലും സ്വയം വിമർശനവും നടത്തണം. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴേക്കും പാർട്ടിയെ കൊച്ചാക്കുകയും പൊതുജന മധ്യത്തിൽ തരം താഴ്ത്തുകയും ചെയ്യുന്ന നടപടി ഉത്തരവാദപ്പെട്ടവർ സ്വീകരിക്കരുത്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിൽ രണ്ടു തവണ പിളർപ്പിന്റെ ദുര്യോഗം നേരിട്ട പാർട്ടിയാണ് കേരളത്തിലെ കോൺഗ്രസ്. കെ കരുണാകരനും കെ മുരളീധരനും ചേർന്നു കോൺഗ്രസ് പിളർത്തി ഡി ഐ സി ഉണ്ടാക്കുകയും പിന്നീട് തിരിച്ചു വരികയും ചെയ്തിട്ട് ഏറെക്കാലം ആയിട്ടില്ല. കെ പി സി സി പ്രസിഡന്റ് പദത്തിലിരുന്നു കൊണ്ടാണ് മുരളീധരൻ ഡി ഐ സിക്കു വിത്തു വിതച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട് അടങ്ങുന്ന ബൂത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പിന്നിലായതിനെ കുറിച്ച് പരസ്യമായി വിലപിക്കുന്നവർ കഴിഞ്ഞ ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതു പരിശോധിക്കണം. കെ മുരളീധരൻറ്‍റെ വീട് ഉൾപ്പെടുന്ന കോഴിക്കോട് ബിലാത്തിക്കുളത്തെ ബൂത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പി എം സുരേഷ്ബാബു മൂന്നാം സ്ഥാനത്തായിരുന്നു. ഈ വാർഡിൽ നിന്നു കോർപറേഷൻ തെരഞ്ഞെടുപ്പിൽ ജയിച്ചത് ബി ജെ പിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എം കെ രാഘവനും ഈ ബൂത്തിൽ പിന്നിലാണ്. ഇതിന്റെ പേരിൽ പക്ഷേ കെ മുരളീധരനെ ആക്ഷേപിക്കാനോ കടന്നാക്രമിക്കാനോ ആരും വന്നിട്ടില്ല- സുബ്രഹ്മണ്യന്‍ തുറന്നടിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, 'നേറ്റിവിറ്റി കാർഡ്' സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള ദുരവസ്ഥക്ക് പരിഹാരമെന്ന് മുഖ്യമന്ത്രി
കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ