
വിഴിഞ്ഞം കരാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ വാദങ്ങള്‍ക്ക് കെ.പി.സി.സി രാഷ്‌ട്രീയ കാര്യസമിതിയുടെ ഒറ്റക്കെട്ടായ പിന്തുണയില്ല. വി.എം സുധീരന്‍, വി.ഡി സതീശന്‍, പി.ടി ചാക്കോ എന്നിവര്‍ കരാറിനെതിരെ നിലപാട് എടുത്തപ്പോള്‍ കെ.മുരളീധരന്‍, കെ.സി ജോസഫ്, ബെന്നി ബെഹനാന്‍ തുടങ്ങിയവര്‍ കരാറിനെ പിന്തുണച്ചു. അതേസമയം അഴിമതിയുണ്ടെങ്കില്‍ കരാര്‍ സര്‍ക്കാര്‍ റദ്ദാക്കട്ടെയെന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശം എല്ലാവരും അംഗീകരിച്ചു.
വിഴിഞ്ഞത്തെക്കുറിച്ച് ചര്‍ച്ച വേണ്ടെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അറിയിച്ചത്. എന്നാല്‍ സംശയങ്ങള്‍ മാറാന്‍ ചര്‍ച്ച നടക്കട്ടെയെന്ന് ഉമ്മന്‍ചാണ്ടി നിലപാടെടുത്തു. കരാര്‍ സുതാര്യമാണെന്നു വാദിച്ചും സി.എ.ജി കണ്ടെത്തലുകളെ അക്കമിട്ട് ഖണ്ഡിച്ചും ഉമ്മന്‍ചാണ്ടി നിലപാട് വിശദീകരിച്ചു. റിപ്പോര്‍ട്ടിനെതിരെ പരാതി നല്‍കിയതും അറിയിച്ചു. അതേസമയം കെ.പി.സി.സിയുടെ ഒരു തലത്തിലും ചര്‍ച്ച ചെയ്യാതെയാണ് കരാറൊപ്പിട്ടതെന്ന് വി.എം സുധീരന്‍ വിമര്‍ശിച്ചു. വിശദമായ ചര്‍ച്ചയ്‌ക്ക് ശേഷം കരാര്‍ ഒപ്പിട്ടാല്‍ മതിയെന്നായിരുന്നു ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തിലെ തീരുമാനം. എന്നാല്‍ ഇതിന് വിലകല്‍പിക്കാതെ കരാര്‍ ഒപ്പിട്ടെന്നും സുധീരന്‍ തുറന്നടിച്ചു. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതി വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സുധീരന്‍ തയ്യാറായില്ലെന്ന് കെ.മുരളീധരന്‍ തിരിച്ചടിച്ചു. ഇതിനെ സുധീരന്‍ നേരിട്ടത് വാക്പോരിനിടയാക്കി. ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്തെന്നും വിഴിഞ്ഞം പദ്ധതിയുടെ നേട്ടം തിരുവനന്തപുരം ജില്ലയില്‍ യു.ഡി.എഫിനുണ്ടായെന്നും മുരളീധരന്‍ വാദിച്ചു.
കരാറില്‍ സംശയങ്ങളുണ്ടെന്ന് പി.സി ചാക്കോ പറഞ്ഞു. കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍റെ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ചര്‍ച്ചയില്ലാതെ അദാനിയുടെ ധനകാര്യ നിര്‍ദേശം അംഗീകരിച്ചു. ഇതിനെ വി.ഡി സതീശനും പിന്തുണച്ചു. സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കാതെയാണ് സി.എ.ജി റിപ്പോര്‍ട്ടെന്ന് വാദം ശരിയല്ല. പാറയടക്കമുള്ളവയ്‌ക്ക് ഉയര്‍ന്ന നിരക്കെന്നതടക്കമുള്ള അഞ്ചു സി.എ.ജി കണ്ടെത്തലുകളെക്കുറിച്ച് ഉമ്മന്‍ ചാണ്ടി മറുപടി നല്‍കിയിട്ടില്ല. രാഷ്‌ട്രീയ കാര്യസമിതി വിളിക്കണമെന്ന തന്റെ ആവശ്യത്തെ കെ.പി.സി.സി പ്രസിഡന്റ് പരിഹസിക്കേണ്ടെന്നു പാമൊലിന്‍ കാര്യത്തില്‍ ഹസന്‍ ചെയ്തതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. അഴിമതിയുണ്ടെങ്കില്‍ റദ്ദാക്കാമെന്ന വ്യവസ്ഥ കരാറില്‍ തന്നെയുണ്ടെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam