കെപിസിസി പുനഃസംഘടന ചര്‍ച്ചചെയ്യാന്‍ രാഹുല്‍ ഗാന്ധി വിളിച്ച യോഗം ഇന്ന്

By Asianet NewsFirst Published Jul 7, 2016, 1:28 AM IST
Highlights

ദില്ലി: കെപിസിസി പുനഃസംഘടന ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ച  യോഗം ഇന്ന് ഉച്ചയ്ക്കു ദില്ലിയില്‍ നടക്കും. രണ്ടു ദിവസങ്ങളിലായാണു ചര്‍ച്ച. സംസ്ഥാന പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യമാണ് എ, ഐ ഗ്രൂപ്പുകള്‍ മുന്നോട്ടുവയ്ക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു കെപിസിസി പ്രസിഡന്റാണ് ഉത്തരവാദിയെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ ആരോപണം. സുധീരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സംസ്ഥാന കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ വേണമെന്നുമാണ് ആവശ്യം. തര്‍ക്കം മൂത്തപ്പോഴാണ് രാഹുല്‍ഗാന്ധി കേരളത്തിലെ നേതാക്കളെ വിളിപ്പിച്ചത്.

സംസ്ഥാനത്തെ 66 നേതാക്കളെയാണു രാഹുല്‍ഗാന്ധി വിളിപ്പിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറിമാരെയും ഡിസിസി പ്രസിഡന്റുമാരെയും നാളെ രാഹുല്‍ഗാന്ധി പ്രത്യേകം കാണുന്നുണ്ട്. കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കള്‍ ഇന്നലെത്തന്നെ ദില്ലിയിലെത്തി. മുതിര്‍ന്ന നേതാവ് എ കെ ആന്‍ണിയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റമുണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

ഉച്ചക്ക് രണ്ട് മണിക്കാണ് ഇന്നത്തെ കൂടിക്കാഴ്ച. സെപ്റ്റംബറില്‍ പാര്‍ട്ടി അധ്യക്ഷപദവിയിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണു കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ കേരളത്തിലെ സംഘടനാ സംവിധാനം മെച്ചപ്പെടുത്താന്‍ രാഹുല്‍ഗാന്ധി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

 

click me!