
തിരുവനന്തപുരം: ടിക്കറ്റ് എടുത്ത സ്റ്റോപ്പിൽ ഇറങ്ങണം എന്നാവശ്യപ്പെട്ട യാത്രക്കാരന് കെ.എസ്.ആർ.ടി.സി ബസ്സിൽ കണ്ടക്ടറുടെ
ക്രൂര മർദനം. രോഷാകുലനായ മധ്യവയസ്‌കൻ കെ.എസ്.ആർ.ടി.സി ബസ്സിന്റെ ചില്ല് എറിഞ്ഞു പൊട്ടിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെ ബാലരാമപുരത്തിന് സമീപമാണ് സംഭവം.
ഒറ്റശേഖരമംഗളം ചെമ്പൂർ സ്വദേശി ബാബുവിനാണ്(48) കണ്ടക്ടറുടെ മർദനത്തിൽ പരിക്കേറ്റത്. കാട്ടാക്കടയിൽ നിന്നും വിഴിഞ്ഞത്തേക്ക് പോയ വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസ്സിലാണ് സംഭവം. എരുത്താവൂരിലേക്ക് ടിക്കറ്റ് എടുത്ത ബാബു സ്റ്റോപ്പ് എത്തിയപ്പോൾ ഇറങ്ങണം എന്നാവശ്യപ്പെട്ടു. എന്നാൽ കണ്ടക്ടർ ഡബിൾ ബെൽ അടിച്ചു വിടുകയായിരുന്നു എന്നാണ് ആരോപണം.
തുടർന്ന് കണ്ടക്ടറും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ബാബുവിനെ ബസിനുള്ളിൽ വെച്ച് കണ്ടക്ടർ ക്രൂരമായി മർദിച്ചുവെന്നും ആരോപണമുണ്ട്. രണ്ടു കിലോമീറ്റർ മാറിയ ശേഷമാണ് ബസ് നിറുത്തി ബാബുവിനെ ഇറക്കി വിട്ടത്. ബസ്സിൽ നിന്ന് ഇറങ്ങിയ ഉടനെ ബാബു കല്ലെടുത്തു പിന്നിലെ ഗ്ലാസ് എറിഞ്ഞ് തകർത്തുവെന്നാണ് ആരോപണം. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നു ബാലരാമപുരം പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam