
കുവൈത്ത് സിറ്റി: ഫിലിപ്പീൻസ് സ്ഥാനപതിയെ പുറത്താക്കാനുള്ള കുവൈത്തിന്റെ തീരുമാനം മറ്റ് രാജ്യങ്ങൾക്ക് കൂടിയുള്ള മുന്നറിയിപ്പാണെന്നാണ് നയതന്ത്രവിദഗ്ദ്ധരുടെ വിലയിരുത്തൽ. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സാമൂഹിക സംഘടനകളും ഇനി കരുതലോടെ പ്രവർത്തിക്കണമെന്നാണ് നിയമവിദഗദ്ധർ പറയുന്നത്.
ഗാർഹിക വേലക്കാരെ കടത്തി കൊണ്ടു പോയ ഫിലിപ്പീൻസ് എംബസിയുടെ നടപടി രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റമായാണു കുവൈത്ത് വിലയിരുത്തിയത്. ഇതോടെ ഫിലിപ്പീൻ സർക്കാരിൽ നിന്നുള്ള ക്ഷമാപണം വന്നിട്ടും സ്ഥാനപതിയെ പുറത്താക്കുക എന്ന കടുത്ത നടപടിയാണ് കുവൈത്ത് സർക്കാർ സ്വീകരിച്ചത്.
ഇതേ നടപടിയിലൂടെ ഫിലിപ്പീൻസ് തിരിച്ചടിക്കുന്നതിനു മുമ്പേ മനിലയിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചു വിളിക്കാനുള്ള നയതന്ത്ര ചാരുതയും കുവൈത്ത് പ്രകടിപ്പിച്ചു. ചുരുക്കത്തിൽ തങ്ങളുടെ പരമാധികാരത്തെ തൊട്ടു കളിക്കുന്നതിൽ വിട്ടു വീഴ്ചക്കില്ലെന്ന സന്ദേശം മറ്റു രാജ്യങ്ങൾക്ക് കൂടി നൽകുകയായിരുന്നു കുവൈത്ത്. നേരത്തെ ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ കൊണ്ടു വരുന്നതിനു ബാങ്ക് ഗ്യാരണ്ടി വ്യവസ്ഥ ഏർപ്പെടുത്തിയ ഇന്ത്യൻ എംബസിയുടെ തീരുമാനത്തിലും കുവൈത്ത് സമാന രീതിയിൽ പ്രതികരിച്ചിരുന്നു. അന്ന് സ്ത്രീ ഗാർഹിക തൊഴിലാളികൾക്ക് വിസാ നിരോധനം ഏർപ്പെടുത്തി കൊണ്ടാണു കുവൈത്ത് ഇന്ത്യക്ക് തിരിച്ചടി നൽകിയത്.കൂടാതെ ഇന്ത്യയിൽ നിന്നുള്ള പല രേഖകൾക്കും ഇന്ത്യൻ എംബസി നൽകുന്ന അറ്റസ്റ്റേഷൻ സ്വീകരിക്കുന്നതിനും അനൗദ്യോഗിക വിലക്ക് ഏർപ്പെടുത്തി.പുതിയ ഇന്ത്യൻ സ്ഥാനപതി എത്തിയതോടെയാണ് ഈ അവസ്ഥക്ക് മാറ്റം വന്നത്.
രാജ്യാന്തര നയതന്ത്രജ്ഞർക്കൊപ്പം ഗാർഹിക പീഢനം പോലുള്ള വിഷയങ്ങളിൽ ഇടപെടുന്ന സാമൂഹിക സംഘടനാ പ്രവർത്തകർക്കും ഒരു മുന്നറിയിപ്പാണു കുവൈത്തിന്റെ നടപടികളിൽ. വീടുകളിൽ നിന്നും തൊഴിലാളികളെ രക്ഷിക്കുന്നതിനും എംബസി ഷെൽട്ടറുകളിലേക്ക് മാറ്റുന്നതിനും ഇനി കടുത്ത നിരീക്ഷണമാണു ഉണ്ടാവുക.പ്രത്യേകിച്ച് ഇന്ത്യൻ എംബസിക്കു നേരെയും സമാന ആരോപണം ഉയർന്ന സാഹചര്യത്തിൽ.ഇത് കൊണ്ട് തന്നെ അത്തരം വിഷയങ്ങളിൽ ഇടപെടുന്ന സാമൂഹിക പ്രവർത്തകരും ഇനി ഏറെ ജാഗ്രത പാലിക്കണമെന്നാണു പൊതുവായ വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam