Latest Videos

കുവൈത്തില്‍ സ്വദേശിവല്‍ക്കരണ സമയപരിധി നീട്ടി

By Web DeskFirst Published Mar 19, 2018, 12:27 AM IST
Highlights
  • വിദേശികള്‍ക്ക് 2028 വരെ സര്‍ക്കാര്‍ ജോലിയില്‍ തുടരാം

കുവൈറ്റ്: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം വൈകും. 2023ഓടെ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച സ്വദേശിവല്‍ക്കരണത്തിന്‍റെ സമയപരിധി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൂടി നീട്ടി. ഇതനുസരിച്ച് 2028 വരെ വിദേശികള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ തുടരാനാകും.

സ്വദേശിവല്‍ക്കരണ നടപ്പാക്കുന്നതിന്റെ മേല്‍നോട്ടചുമതലയുള്ള പാര്‍ലമെന്ററി കമ്മിറ്റി അഞ്ചുവര്‍ഷത്തെ കാലാവധിയാണ് ആദ്യം ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളില്‍ ഇവ പ്രബല്യത്തില്‍ വരുത്താന്‍ പത്തുവര്‍ഷം ആവശ്യമാണെന്ന കണ്ടെത്തലിലാണ് സമയപരിധി ദീര്‍ഘിപ്പിച്ചതെന്ന് പ്രദേശിക അറബ് പത്രം റിപ്പോര്‍ട്ടു ചെയ്തു.

നിലവില്‍ സര്‍ക്കാറിന്റെ നിരവധി തസ്തികകളില്‍ ജോലിചെയ്യാന്‍ സ്വദേശി പൗരന്‍മാര്‍ക്ക് താല്‍പര്യമില്ല. ഈ സാഹചര്യത്തില്‍ വിദേശികളെ ആവശ്യമുണ്ടെന്ന കാര്യം സിവില്‍ സര്‍വീസ് കമ്മീഷന്‍, മാനവവിഭവശേഷി പൊതുഅതോറിട്ടി, ആസൂത്രണ സെക്രട്ടറിയേറ്റ് ജനറല്‍, പൊതു നിക്ഷേപക അതോറിട്ടി തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ സമ്മതിക്കുന്നു.

മാത്രമല്ല, ബിരുദമടക്കമുള്ള ഉന്നത വിഭ്യാഭ്യാസത്തിന് ശേഷം സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്ക് മതിയായ പരിശീലനം നല്‍കാനും മറ്റും കാലതാമസവും നേരിടുന്നു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനും, ബദല്‍ സംവിധാനം നടപ്പിലാക്കാത്തതിന്റെയും അടിസ്ഥാനത്തിലാണ് കാലാവധി നീട്ടിയത്.
 

click me!