
ആലപ്പുഴ: മന്ത്രി തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ട് 2001 ല്‍ പ്രവര്‍ത്തനം തുടങ്ങിയത് ഒരു രൂപ പോലും കെട്ടിട നികുതി അടക്കാതെ എന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ തെളിഞ്ഞു. കോണ്‍ഗ്രസ്സ് നേതാവ് ഷാനിമോള്‍ ഉസ്മാനായിരുന്നു ആലപ്പുഴ നഗരസഭയുടെ അന്നത്തെ ചെയർപേഴ്സൺ. 2003 ല്‍ അന്നത്തെ നഗരസഭാ സെക്രട്ടറി ഇത് കയ്യോടെ പിടികൂടിയപ്പോള്‍ മുന്‍കാലപ്രാബല്യത്തോടെ ലക്ഷങ്ങള്‍ നികുതി ഒടുക്കേണ്ടാതായും വന്നു. ഇതിന് പിന്നാലെയാണ് എല്‍ഡിഎഫ് യുഡിഎഫ് ഒത്തുകളിയിലൂടെ കെട്ടിട നികുതി മൂന്നിലൊന്നായി തോമസ്ചാണ്ടിക്ക് കുറച്ച് കൊടുത്തത്.
മന്ത്രി തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ട് പ്രവര്‍ത്തനം തുടങ്ങുന്നത് 2001ലാണ്. പണി പൂര്‍ത്തിയായ ശേഷം കെട്ടിടങ്ങള്‍ക്ക് നികുതി ചുമത്താനുള്ള സര്‍ട്ടിഫിക്കറ്റും തയ്യാറായി. 2002 ജനുവരി മാസം 17-ാം തിയതി നല്‍കിയ ഈ സര്‍ട്ടിഫിക്കറ്റടങ്ങിയ ഫയല്‍ നഗരസഭയിലെ അലമാരയ്ക്കടിയില്‍ ആരോ ഒളിപ്പിച്ചുവെച്ചു. നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ റിസോര്‍ട്ട് സന്ദര്‍ശിച്ച് നികുതി നിശ്ചയിച്ച് നോട്ടീസ് കൊടുക്കുകയെന്ന നടപടി മുടങ്ങി. പിന്നീടാരും ആ ഫയല്‍ കണ്ടില്ല. 12 ലക്ഷത്തിലേറെ രൂപ നികുതിയായി ആ ഒരൊറ്റ വര്‍ഷം മാത്രം കിട്ടുമെന്നിരിക്കെ നഗരസഭാ സെക്രട്ടറിയും മിണ്ടിയില്ല.
നഗരസഭയിലെ അന്നത്തെ ഏറ്റവും വലിയ റിസോര്‍ട്ടായിട്ടും നികുതി അടക്കാത്ത കാര്യം ചെയര്‍പേഴ്സണായിരുന്ന ഷാനിമോള്‍ ഉസ്മാനും അറിഞ്ഞതേയില്ല. 2003 ല്‍ തിരുവനന്തപുരം സ്വദേശിയായ ജയകുമാര്‍ എന്ന നഗരസഭാ സെക്രട്ടറിയുടെ പരിശോധനയിലാണ് തോമസ്ചാണ്ടിയുടെ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് അന്ന് പിടികൂടുന്നത്. ഒളിപ്പിച്ച ഫയലുകള്‍ കണ്ടുപിടിച്ച് റിസോര്‍ട്ടില്‍ സെക്രട്ടറിയും സംഘവും പരിശോധനയും നടത്തി. 2003 മെയ് മാസം 28 ന് ചേര്‍ന്ന ഫിനാന്‍സ് കമ്മിറ്റിയില്‍ സെക്രട്ടറി വിശദമായ റിപ്പോര്‍ട്ടും നികുതി വെട്ടിപ്പിന്‍റെ കണക്കും അവതരിപ്പിച്ചു.
അങ്ങനെ 2003 ജൂലായ് മാസം 17-ാം തിയതി നികുതി അടക്കാതെ പ്രവര്‍ത്തിച്ച്കൊണ്ടിരുന്ന 18 കെട്ടിടങ്ങള്‍ക്ക് 2001-2002 മുതലുള്ള നികുതി അടക്കാന്‍ പ്രത്യേക നോട്ടീസും നല്‍കി. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതിരുന്ന ജയകുമാറിനെ അധികം വൈകാതെ സ്ഥലം മാറ്റി. പിന്നീടാണ് ലേക് പാലസ് റിസോര്‍ട്ടിന്‍റെ കെട്ടിട നികുതി മൂന്നിലൊന്നായി കുറക്കാനുള്ള പണി തുടങ്ങുന്നതും എല്‍ഡിഎഫ് യുഡിഎഫ് ഒത്തുകളിയോടെ തോമസ്ചാണ്ടിക്ക് അനുകൂലമായി നികുതി കുറച്ചുകൊടുക്കുന്നതും. നഗരസഭയിലെ തന്നെ ഏറ്റവും വലിയ റിസോര്‍ട്ടുകളിലൊന്നായ ലേക് പാലസിന്‍റെ ഫയലുകള്‍ 2002 മുതല്‍ തന്നെ നഷ്ടപ്പെട്ട് അട്ടിമറി നീക്കം നടത്തിയിരുന്നുവെന്ന് നഗരസഭയിലെ ഈ രേഖകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam