രാഹുലിനെ തള്ളി ലാലു; 2019ല്‍ പ്രിയങ്ക ഉള്‍പ്പെട്ട മഹാസഖ്യം വേണം

By Web DeskFirst Published Jul 5, 2017, 9:16 PM IST
Highlights

പറ്റ്ന: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി ഉള്‍പ്പെട്ട വിശാല സഖ്യം നരേന്ദ്ര മോദിക്ക് എതിരെ വേണമെന്ന് ആര്‍ ജെ ഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് ആവശ്യപ്പെട്ടു. ബീഹാറിലെ ഭരണസഖ്യത്തില്‍ വിള്ളല്‍ രൂക്ഷമാകുമ്പോഴാണ് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് 2019-ലെ വിശാല സഖ്യം എന്ന ആശയം മുന്നോട്ടു വച്ച് രംഗത്തു വന്നിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ മായാവതിയും അഖിലേഷ് യാദവും വിശാലസഖ്യത്തില്‍ ചേരണം. തന്റെ മക്കളും മമതാ ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും ഒന്നിച്ചു നില്‍ക്കണം എന്നു പറഞ്ഞ ലാലു നിതീഷ് കുമാറിന്റെ പേര് പരാമര്‍ശിച്ചില്ല. രാഹുല്‍ ഗാന്ധിയോട് താല്‍പര്യമില്ല എന്ന പരോക്ഷ സൂചനയും ലാലു നല്‍കി. സഖ്യത്തില്‍ ഉള്‍പ്പെടേണ്ട നേതാക്കളുടെ പേര് പറയുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് പകരം പ്രിയങ്കാ ഗാന്ധിയുടെ പേരാണ് ലാലു പരാമര്‍ശിച്ചത്.

എന്നാല്‍ അഴിമതി കേസുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ലാലുവിന്റെ ശ്രമം എന്ന് ബിജെപി പ്രതികരിച്ചു.റോബര്‍ട്ട് വധ്രയ്‌ക്ക് നടത്തിയതിന് സമാനമായ ഭൂമി തട്ടിപ്പാണ് ബീഹാറില്‍ ലാലു നടത്തിയതെന്നും ബിജെപി ആരോപിച്ചു. ഇതിനിടെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ഏതിര്‍ചേരിയില്‍ നിന്ന് കൂടുതല്‍ വോട്ട് നേടാനുള്ള നീക്കത്തിന് ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവിനെ നിയോഗിച്ചു. ഈ മാസം പത്തിന് രാം മാധവ് കേരളത്തിലും എത്തുന്നുണ്ട്.

click me!