
കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി വിവാദത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പ്രതിരോധത്തിലാക്കി വൈദികസമിതി. തുടർ നടപടി സ്വീകരിച്ചില്ലെങ്കിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടടക്കം വത്തിക്കാനിലേക്ക് അയക്കാനാണ് വൈദികരുടെ നീക്കം. എന്നാൽ ആരോപണങ്ങളെപ്പറ്റി പ്രതികരിക്കാൻ കർദിനാൾ ഇന്നും തയ്യാറായില്ല.
ഭൂമിവിൽപ്പനയിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണ റിപ്പോർട് സമർപ്പിക്കുന്ന നിർണായക വൈദിക സമിതി യോഗത്തിൽ നിന്ന് കർദിനാൾ വിട്ടു നിന്നതോടെയാണ് പുതിയ നീക്കം. അപ്രതീക്ഷിതമായി അന്വേഷണ റിപ്പോർട്ട് വൈദികർതന്നെ മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ എത്തിച്ചു നൽകിയതോടെ കർദിനാൾ കൂടുതൽ പ്രതിരോധത്തിലായി. റിപ്പോർട് ഔദ്യോഗികമായി കൈപ്പറ്റിയ സ്ഥിതിക്ക് തുടർ നടപടി സ്വീകരിക്കേണ്ടത് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ്. ഒരാഴ്ചക്കുളളിൽ വൈദിക സമിതി യോഗം വിളിച്ച് തുടർ നടപടി പ്രഖ്യാപിച്ചില്ലെങ്കിൽ റിപ്പോർട്ട് മാർപ്പാപ്പക്ക് അയച്ചുകൊടുക്കാനാണ് വൈദികരുടെ നീക്കം. ഇതുസംബന്ധിച്ച് വൈദികർ കൂടിയാലോചന നടത്തി. എന്നാൽ വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ കർദിനാൾ ഇന്നും തയാറായില്ല.
ഭൂമി വിവാദത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കേരളാ കാത്തലിക് റിഫോംസ് മൂവ്മെന്‍റിന്‍റെ നേതൃത്വത്തിൽ കൊച്ചിയിലെ മേജർ ആർച്ച് ബിഷപ് ഹൗസിനുമുന്നിൽ ധർണ നടത്തി. ഭൂമി വിവാദം കത്തി നിൽക്കെ സിറോ മലബാർ സഭയുടെ നിർണായക സിനഡ് യോഗം തിങ്കളാഴ്ച കൊച്ചിയിൽ തുടങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam