മലയാളം സര്‍വ്വകലാശാലയ്‌ക്കായി ഭൂമി വാങ്ങുന്നതില്‍ വന്‍തട്ടിപ്പ്

By Web DeskFirst Published Jul 9, 2017, 10:13 AM IST
Highlights

തിരൂര്‍: മലയാള സര്‍വകലാശാലക്ക് കെട്ടിടം പണിയാന്‍ തിരൂരില്‍ സര്‍ക്കാര്‍ വാങ്ങുന്നത് സി പി എം നേതാക്കളുടേയും ബന്ധുക്കളുടേയും ചതുപ്പു ഭൂമി. നിയമസഭാ തെരെഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടേയും താനൂര്‍ എം.എല്‍.എയുടെ ബന്ധുക്കളുടേയും ഭൂമി വാങ്ങുന്നത് വിപണിവിലയുടെ പത്തിരട്ടിക്ക്. സര്‍വകലാശാലക്ക് ഭൂമി വേണ്ടിവരുമെന്ന് മുന്‍കുട്ടിക്കണ്ട് തുച്ഛമായ വിലക്ക് പലരില്‍ നിന്നായി വാങ്ങിയ സ്ഥലങ്ങളാണ് ഇവര്‍ സര്‍ക്കാരിന് കൊള്ളലാഭത്തിന് വില്‍ക്കുന്നത്.

വെട്ടം പഞ്ചായത്തിലെ മാങ്ങാട്ടിരിയില്‍ മലയാളം സര്‍വകലാശാലക്കായി 27 കോടി 52 ലക്ഷം രൂപക്ക് വിലക്കുവാങ്ങാന്‍ കണ്ടെത്തിയ ഭൂമിയാണ് വിവാദത്തിലായിരിക്കുന്നത്. മുട്ടറ്റം വെള്ളകെട്ടുള്ള കണ്ടല്‍ചെടികള്‍ നിറഞ്ഞ പാരിസ്ഥിതിക പ്രാധാന്യമുള്ള നഞ്ചഭൂമി ഇത്രയും വലിയ വിലക്ക്  കണ്ടെത്തിയതിനു പിന്നില്‍ ആരാണ് ?

രാഷ്ട്രീയ നേതാക്കളടക്കമുള്ള തിരൂരിലെ പ്രമുഖരായ ഒമ്പത് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരുടേതാണ് വെട്ടം പഞ്ചായത്തിലെ 313/ 1 ബി മുതല്‍ 341/6 എം വരെ സര്‍വേ നമ്പറുകളിലുള്ള 17 ഏക്കര്‍ 20 സെന്റ് സ്ഥലം. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി തിരൂരില്‍ നിന്നും മത്സരിച്ച ഗഫൂര്‍ പി ലില്ലീസിന്റെ ഒരു ഏക്കര്‍ മൂന്ന് സെന്റ് സ്ഥലം. അദ്ദേഹത്തിന്റെ സഹോദരങ്ങളുടേയും ബന്ധുക്കളുടേയുമായി അഞ്ച് ഏക്കറോളം സ്ഥലം. താനൂര്‍ എം.എല്‍.എ വി അബ്ദുറഹിമാന്റെ മൂന്ന് ബന്ധുക്കളുടെ എട്ടര ഏക്കര്‍ സ്ഥലം. അടുത്തിടെയായി പലരില്‍ നിന്നായി ചെറിയ വിലക്ക് വാങ്ങിയതാണ് ഈ ചതുപ്പു ഭൂമി. വെള്ളം കെട്ടിനില്‍ക്കുന്ന നഞ്ച ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില സെന്റിന് നാലായിരം രൂപയാണ്. സെന്റൊന്നിന് ഒരു ലക്ഷത്തി അറുപതിനായിരം രൂപക്ക് സര്‍ക്കാര്‍ വിലക്കുവാങ്ങുന്ന ഈ ഭൂമിയുടെ ഇപ്പോഴത്തെ വിപണി വില സെന്റിന് പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെ മാത്രം. നാട്ടിലെ സാമ്പത്തിക പ്രതിസന്ധിയും തണ്ണീര്‍തട സംരക്ഷണ നിയമവുമൊക്കയായി മുറിച്ചു വില്‍ക്കാന്‍ കഴിയാതെ കിടന്നിരുന്ന വെള്ളക്കെട്ടുള്ള ഭൂമിക്ക് രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാരില്‍ നിന്ന് വാങ്ങിയെടുക്കുന്നത് കൊള്ളവിലയാണ്. അന്യായ വിലക്കുള്ള ഭൂമി ഇടപാട് റദ്ദാക്കണമെന്നാവശ്യപെട്ട് പ്രതിപക്ഷ സംഘടനകള്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയിയിട്ടുണ്ട്.

എന്നാല്‍ സര്‍വകലാശാലക്ക് കെട്ടിടം പണിയാന്‍ വേറെ സ്ഥലം തിരൂരില്‍ കിട്ടാനില്ലെന്നാണ് വൈസ് ചാന്‍സലറുടെ വിശദീകരണം. റിയല്‍ എസ്റ്റേറ്റുകാരായ രാഷ്ട്രീയ നേതാക്കളോട് പ്രതികരണം തേടിയെങ്കിലും പ്രതികരണത്തിന് അവര്‍ തയ്യാറായില്ല.

click me!