കൊള്ളയും കൊലയും നടത്തി; നക്‌സല്‍ വര്‍ഗീസ് കൊടും കുറ്റവാളിയെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍

By Web DeskFirst Published Mar 24, 2017, 12:04 PM IST
Highlights

കൊച്ചി: കൊല്ലപ്പെട്ട നക്‌സല്‍ വര്‍ഗീസ് കൊടും കുറ്റവാളിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു വര്‍ഗീസ് എന്നും ഏറ്റുമുട്ടലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും ആഭ്യന്തര വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി. 

സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി സന്തോഷ് കുമാര്‍ കഴിഞ്ഞ ജൂലൈ 22 ന്  സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ്  വര്‍ഗീസ് കൊടും കുറ്റവാളിയാണെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നത്. നിരവധി കേസുകളില്‍ പ്രതിയായിരുന്നു വര്‍ഗീസ്. എഴുപതുകളില്‍ വയനാട്ടില്‍ നടത്തിയ കൊള്ളയ്ക്കും കൊലയ്ക്കും നേതൃത്വം നല്‍കിയത് വര്‍ഗീസായിരുന്നു. 

വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടതുസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.  നക്‌സല്‍ വര്‍ഗീസിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതാണെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വര്‍ഗീസിന്റെ സഹോദരങ്ങളായ അന്നമ്മ, മേരി, തോമസ്, ജോസഫ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. 

പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചത്. അതുകൊണ്ടുതന്നെ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും  കോടതിയെ ആഭ്യന്തര വകുപ്പ് അറിയിച്ചു. ഇത്തരമൊരു സത്യവാങ്മൂലം ഇടതു മുന്നണിയില്‍ നിന്നും പ്രതീക്ഷിച്ചതല്ല, നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് വര്‍ഗീസിന്റെ സഹോദരന്‍ അരീക്കോട് തോമസ് പറഞ്ഞു. 

1970 ഫെബ്രുവരി 18 നാണ് നക്‌സല്‍ വര്‍ഗീസിനെ കൊലപ്പെടുത്തിയത്. നിരായുധനായ വര്‍ഗീസിനെ പൊലീസ് വെടിവച്ച് കൊല്ലുകയായിരുന്നെന്ന് ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍  വെളിപ്പെടുത്തിയതോടെയാണ് സിബിഐ അന്വേഷണം നടക്കുന്നത്. പ്രതിയായ ഐജി ലക്ഷ്മണയ്ക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു.
 

click me!