യുഡിഎഫ് സര്‍ക്കാര്‍ പത്തനംതിട്ട ജില്ലയില്‍ അനുവദിച്ച 1843 പട്ടയങ്ങള്‍ റദ്ദാക്കും

By Web DeskFirst Published Sep 28, 2017, 11:25 PM IST
Highlights

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് പത്തനംതിട്ടജില്ലയില്‍ അനുവദിച്ച വിവാദ പട്ടയങ്ങള്‍ റദ്ദാക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചു. വനംവകുപ്പിന്റെ എതിര്‍പ്പ മറികടന്ന് 4835 ഏക്കറിന് അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് നല്‍കിയ പട്ടയങ്ങളാണ് ഇടതുസര്‍ക്കാര്‍ റദ്ദാക്കുന്നത്. ചട്ടം ലഘിച്ച് നല്‍കിയ 1843 പട്ടയങ്ങള്‍ക്ക് എതിരെയാണ് നടപടി.

ക്രിസ്തിയ ദേവാലയങ്ങള്‍ക്കും എന്‍എസ്എസും എസ്എന്‍ഡിപിയും അടക്കം മത സംഘടനകള്‍ക്കും ഉള്‍പ്പടെ ഏക്കര്‍കണക്കിന് ഭുമിയാണ് പതിച്ച് നല്‍കിയിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് എടുത്ത തീരുമാനം വന്‍ വിവാദമായിരുന്നു. കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ അനുമതിയില്ലതിയില്ലാതെയായിരുന്നു അന്നത്തെ  റവന്യൂ മന്ത്രി അടൂര്‍പ്രകാശ് പട്ടയം അനുവദിച്ച് ഉത്തരവ് ഇറക്കിയത്. പത്തനംതിട്ട ജില്ലയിലെ സീതത്തോട് ചിറ്റാര്‍ തണ്ണിതോട് കോന്നിതാഴം കലഞ്ഞൂര്‍ എന്നിവില്ലേജുകളിലെ 1843 പട്ടയങ്ങള്‍ റദ്ദ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം.

2015ല്‍ ചിറ്റാര്‍ സിതത്തോട് തണ്ണിത്തോട് എന്നീ വില്ലേജുകളിലെ പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് കോന്നി തഹസീല്‍ദാര്‍ വനംവകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. റിസര്‍വ്വ് വനത്തില്‍ ഉള്‍പ്പെട്ടതാണന്നും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ പട്ടയം നല്‍കാന്‍ കഴിയില്ലന്നും കോന്നി ഡി എഫ് ഒ മറുപടി നല്‍കി.

ഈ റിപ്പോര്‍ട്ട് മുഖവിലക്ക് എടുക്കാതെയാണ് 1843 പട്ടയങ്ങള്‍ക്ക് അനുമതിനല്‍കിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് 2016 ഫെബ്രുവരിയില്‍ ചിറ്റാറില്‍ പട്ടയമേളയും സംഘടിപ്പിച്ചിരുന്നു. വന ഭൂമിയിലാണ് പട്ടയം അനുവദിച്ചതെന്നും ചട്ടലംഘനമുണ്ടെന്നും വനംവകുപ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെയാണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ റവന്യൂ വകുപ്പ് ഉത്തരവിട്ടത്. തുടര്‍ നടപടികള്‍ പിന്നിട് തീരുമാനിക്കും.

click me!