നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍

By Web DeskFirst Published Nov 27, 2016, 12:58 PM IST
Highlights

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിലും സഹകരണമേഖലയിലെ നിയന്ത്രണങ്ങളിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് ഹര്‍ത്താല്‍ നാളെ. ഹര്‍ത്താലിന് പിന്തുണ നല്‍കാതെ  എംഎല്‍എമാരെ അണിനിരത്തി യുഡിഎഫ് രാജ്ഭവന്‍ പിക്കറ്റ് ചെയ്യും. ഇടതും വലതും ജനത്തെ പറ്റിക്കുകയാണെന്ന് നിലപാടിലാണ് ബിജെപി.   ഹര്‍ത്താലില്‍ നിന്ന്  റാന്നി താലൂക്കിനേയും ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളേയും ഒഴിവാക്കി.

നോട്ട് പിന്‍വലിക്കലിലും സഹകരണപ്രതിസന്ധിയിലും ഒറ്റക്കെട്ടെങ്കിലും പ്രതിഷേധവഴിയില്‍ സംസ്ഥാനത്ത് ഇടതും വലതും രണ്ട് തട്ടില്‍. ഇടതിന്റെ സംയുക്തസമരക്ഷണത്തില്‍ തര്‍ക്കം മൂലം കൈകൊടുക്കാത്ത യുഡിഎഫ് ഹര്‍ത്താലിനുമില്ല. സംസ്ഥാനത്തിന്റെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗമെന്ന നിലക്കാണ് എല്‍ഡിഎഫിന്റെ ഹര്‍ത്താല്‍ പ്രഖ്യാപനം. എന്നാല്‍ നോട്ടില്‍ കുഴങ്ങുന്ന  ജനത്തെ ഹര്‍ത്താല്‍ കൂടുതല്‍ വലക്കുമെന്ന നിലപാടിലാണ് യുഡിഎഫ്.

ആര്‍ബിഐക്ക് മുന്നിലെ മന്ത്രിസഭയുടെ സമരവും രാപ്പകല്‍ സമരവും പിന്നിട്ട്  മൂന്നാം ഘട്ടപ്രതിഷേധമായ ഹര്‍ത്താലിലൂടെ വിട്ട് വീഴ്ചക്കില്ലെന്നാണ് എല്‍ഡിഎഫ് നല്‍കുന്ന സന്ദേശം. സംയുക്ത സമരത്തില്‍ ഭിന്നാഭിപ്രായ മുള്ള യുഡിഎഫ് നേതാക്കളെല്ലാം ഹര്‍ത്താല്‍ വിരുദ്ധ നിലപാടില്‍ ഒറ്റക്കെട്ടാണ്. ബാങ്കുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയെങ്കിലും പ്രയോജനമില്ലെന്നാണ് ഹര്‍ത്താലിനെ എതിര്‍ക്കുന്ന ചേരിയുടെ മറുപടി. ഇടതും വലതും കൈകോര്‍ക്കുന്നതില്‍ രാഷ്ട്രീയഗുണമുണ്ടെന്ന് കരുതുന്ന ബിജെപി രണ്ട് മുന്നണിക്കുമെതിരായ നിലപാട് കടുപ്പിച്ച് നേട്ടം പ്രതീക്ഷിക്കുന്നു. പ്രതിഷേധം പലവഴിയില്‍ ശക്തമാകുമ്പോഴും ഡിസംബറിന് മുമ്പ് സഹകരണത്തില്‍ ഇളവില്ലെന്ന സൂചനകളാണ് ദില്ലിയില്‍ നിന്നും കിട്ടുന്നത്. ശമ്പളത്തിനായി ഈയാഴ്ച ജീവനക്കാര്‍ ഒന്നടങ്കം ബാങ്കിലേക്കെത്തുന്നതോടെ പ്രതിസന്ധി കനക്കുമെന്ന ആശങ്കയും ശക്തമാണ്.

click me!