
ഉത്തര്‍ പ്രദേശിലെ മാതുറ സൈനിക ആശുപത്രിയില്‍ രണ്ടുവര്‍ഷമായി അനസ്തെറ്റിസ്റ്റായി ജോലി ചെയ്തുവരുന്ന ലഫ്. കേണല്‍ ജാദവാണ് വെള്ളിയാഴ്ച ആത്മഹത്യ ചെയ്തത്. ഇതേ ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ലഫ്റ്റ്നന്റ് റാങ്കിലുള്ള യുവതിയുമായി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ജാദവ് പ്രണയത്തിലായിരുന്നു. ഡെറാഡൂണ്‍ സ്വദേശിയായ യുവതിയുടെ വിവാഹം അടുത്തിടെ ഉറപ്പിച്ചു. ഇതറിഞ്ഞ ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന ജാദവ്, വെള്ളിയാഴ്ച യുവതിയെയും കൂട്ടി തന്റെ വാഹനത്തില്‍ തൊട്ടടുത്ത മറ്റൊരു സ്ഥലത്തേക്ക് പോയി. തനിക്ക് കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ജാദവ് തന്നെ ഒരു യാത്രയ്ക്ക് ക്ഷണിക്കുകയായിരുന്നെന്ന് യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു.
ശ്രീരാഥ കൊളനിയില്‍ എത്തിയപ്പോള്‍ വാഹനം നിര്‍ത്തിയ ശേഷം തനിക്കൊപ്പം ആത്മഹത്യ ചെയ്യണമെന്ന് ജാഥവ് യുവതിയോട് പറഞ്ഞു. എന്നാല്‍ ജാദവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ യുവതിയെ കടന്നുപിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് മധുര സിറ്റി എ.എസ്.പി അശോക് കുമാര്‍ സിങ് പറഞ്ഞു. എന്നാല്‍ ജാദവിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട യുവതി, പ്രദേശത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിനുള്ളില്‍ കയറി ലോക്ക് ചെയ്ത ശേഷം വിഷ പദാര്‍ത്ഥം സ്വന്തം തുടയിലേക്ക് കുത്തിവെച്ച് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് എ.എസ്.പി പറഞ്ഞു.
സംഭവത്തെക്കുറിച്ച് യുവതി അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സൈനിക ഉദ്ദ്യോഗസ്ഥര്‍ മൃതദേഹം ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്തു. ശനിയാഴ്ചയാണ് ആത്മഹത്യയെക്കുറിച്ചും പോസ്റ്റ്മോര്‍ട്ടം നടത്തിയ വിവരവും സൈന്യം ലോക്കല്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ജാദവിനെ കൊലപ്പെടുത്തുകയായിരുന്നെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തിന് യുവതിയല്ലാതെ മറ്റാരും ദൃക്സാക്ഷികളായി ഇല്ലാത്തതിനാല്‍ അന്വേഷണം പൊലീസിനെ കുഴയ്ക്കുന്നുണ്ട്. പ്രതികരിക്കാന്‍ സൈനിക വൃത്തങ്ങള്‍ തയ്യാറായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam