ലിഗയുടെ കൊലപാതകം; അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

Web Desk |  
Published : Apr 29, 2018, 12:45 PM ISTUpdated : Jun 08, 2018, 05:44 PM IST
ലിഗയുടെ കൊലപാതകം; അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

Synopsis

കസ്റ്റഡിയിലുള്ളവര്‍ ഇതുവരെ പറഞ്ഞ മൊഴികള്‍ ഓരോന്നും കള്ളമാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തി

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്.  പ്രതികളിലേക്ക് വരെ എത്തിയ പൊലീസിന് ഇനി അറസ്റ്റ് മാത്രമാണ് ബാക്കിയുള്ളതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള നാല് പേര്‍ കേസില്‍ രക്ഷപെടാന്‍ പൊലീസിന് നല്‍കിയ മൊഴികളെല്ലാം കളവാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞത് നിര്‍ണ്ണായകമായി. അറസ്റ്റിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

പൊലീസിനും സര്‍ക്കാറിനും പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ കൊണ്ട് പരിക്കേറ്റ കേസെന്ന നിലയില്‍ സമഗ്രമായ അന്വേഷണമാണ് ഉന്നത ഉദ്ദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. നിരവധിപ്പേരെ പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ നാല് പേരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത്. സാഹചര്യ തെളിവുകള്‍ വെച്ച് ഇവരെ വിശദമായി ചോദ്യം ചെയ്തു. ഇവരുടെ മൊഴികളില്‍ പരസ്‌പരമുണ്ടായിരുന്ന വൈരുദ്ധ്യം നേരത്തെ തന്നെ പൊലീസ് മനസിലാക്കിയിരുന്നു. ഇതിനിടെ ലിഗ കൊല്ലപ്പെട്ടുവെന്ന് കരുതപ്പെടുന്ന ദിവസം ഇവര്‍ നാല് പേരും വാഴമുട്ടത്തെ പൊന്തക്കാട്ടിലാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളും പൊലീസിന് കിട്ടിയതോടെ കൊലപാതകത്തിലെ ഇവരുടെ പങ്ക് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സമയത്ത് വീട്ടിലായിരുന്നെന്നായിരുന്നു ഇവര്‍ ചോദ്യം ചെയ്തപ്പോള്‍ പൊലീസിനോട് പറഞ്ഞത്.

കൊലപാതകം നടന്നത് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നതും ഒരു മാസത്തോളം കഴിഞ്ഞ് മാത്രം വിവരം പുറത്തറിഞ്ഞതും വെല്ലുവിളികളായിരുന്നെങ്കിലും സാഹചര്യത്തെളിവുകളും ശാസ്‌ത്രീയത്തെളിവുകളുമാണ് പൊലീസിന് മുന്നിലെ പിടിവള്ളികളായത്. വാഴമുട്ടത്തെ പൊന്തക്കാട്ടിലേക്ക് വിദേശിയായ ലിഗ ഒറ്റയ്‌ക്ക് എത്താന്‍ ഒരു സാധ്യതയുമില്ലെന്ന് നേരത്തെ തന്നെ പൊലീസ് മനസിലാക്കി. പിന്നീട് ലിഗയെ ഇവിടേക്ക് എത്തിക്കാന്‍ സാധ്യതയുള്ളവരെ തേടിയായി അന്വേഷണം. പലരെയും ചോദ്യം ചെയ്തതിനൊടുവില്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള നാല് യുവാക്കളിലേക്ക് കേന്ദ്രീകരിച്ചു.  ഇവര്‍ ഇതുവരെ പറഞ്ഞ മൊഴികള്‍ ഓരോന്നും കള്ളമാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തി. ആദ്യം ചോദ്യം ചെയ്തപ്പോള്‍ ലിഗയെ കണ്ടിട്ടേ ഇല്ലെന്നായിരുന്നു ഇവരുടെ മൊഴി. പിന്നീട് വാഴമുട്ടത്ത് മൃതദേഹം കണ്ടുവെന്നും  പേടി കാരണം അത് പുറത്തുപറഞ്ഞില്ലെന്നും തിരുത്തി. ലിഗ കോവളത്ത് എത്തിയ മാര്‍ച്ച് 14നും അടുത്ത ദിവസങ്ങളിലും തങ്ങള്‍ സ്വന്തം വീടുകളിലും സുഹൃത്തിന്റെ വീട്ടിലുമായിരുന്നുവെന്നും അവര്‍ പൊലീസിനോട് പറഞ്ഞെങ്കിലും ഇതും കളവാണെന്ന് തെളിഞ്ഞത് നിര്‍ണ്ണായകമായി. വീട്ടുകാരും സുഹൃത്തുക്കളും ഇവര്‍ ആ സമയത്ത് വീട്ടിലുണ്ടായിരുന്നില്ലെന്ന് സമ്മതിച്ചു.

കൊലപാതകം നടന്നുവെന്ന് സംശയിക്കുന്ന ദിവസം കോവളത്ത് നാലുപേരെയും കണ്ടവരുണ്ട്. പോത്തന്‍കോട് നിന്ന് കോവളത്ത് എത്തിയ ലിഗയെ തന്ത്രപരമായി വാഴമുട്ടത്ത് എത്തിച്ച് പീഡിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് പൊലീസ് അനുമാനിക്കുന്നു. ആരെയും വേഗത്തില്‍ വിശ്വസിക്കുന്ന ലിഗ ഇവരോടൊപ്പം കൊലപാതകം നടന്ന സ്ഥലത്തെത്തിയെങ്കിലും പീഡനശ്രമം ചെറുത്തു. ഇതോടെയാണ് കൊലപാതകം നടന്നതെന്ന നിഗമനമാണ് പൊലീസിനിപ്പോള്‍. കൂടുതല്‍ ശാസ്‌ത്രീയ തെളിവുകള്‍ കിട്ടാന്‍ വാഴമുട്ടത്ത് പുഴയിലും കരയിലും ഇന്നും തെരച്ചില്‍ നടത്തി. വാഴമുട്ടത്ത് നിന്നും കിട്ടിയ മുടിനാരിന്റെയും ലിഗയുടെ ആന്തരികാവയവങ്ങളുടെയും ശാസ്‌ത്രീയ പരിശോധനാ ഫലം കിട്ടുന്നതോടെ കാര്യങ്ങളില്‍ കുറേക്കൂടി വ്യക്തതവരും. പരമാവധി തെളിവുകള്‍ ശേഖരിച്ച് പ്രതികളെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ ഇനിയുള്ള നീക്കം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വര്‍ണം വാങ്ങാൻ കോടികള്‍; ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി 1.5 കോടി നൽകിയെന്ന് ഗോവര്‍ധന്‍; തെളിവുകളും കൈമാറി
കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ റിട്ട. അധ്യാപിക മരിച്ച നിലയിൽ, മൃതദേഹത്തിൽ നിറയെ മുറിവുകള്‍, പൊലീസ് അന്വേഷണം