ലിഗയുടേത് കൊലപാതകം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

By Web DeskFirst Published Apr 27, 2018, 9:21 PM IST
Highlights
  • കഴുത്തിലും കാലിലും ആഴമേറിയ മുറിവുകള്‍ ഉളളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.  

തിരുവനന്തപുരം: വിദേശ വനിത ലിഗയുടേത് കൊലപാതകമാകാമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലും കാലിലും ആഴമേറിയ മുറിവുകള്‍ ഉളളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.  

മുറിവുകള്‍ ആക്രമണം പ്രതിരോധിക്കുമ്പോഴുളളതെന്നും സൂചന. വിശദമായ റിപ്പോര്‍ട്ട് നാളെ പൊലീസിന് കൈമാറും. 

അതേസമയം, ലിഗയുടെ മൃതദേഹം കണ്ട വാഴമുറ്റത്ത് നിന്നും മുടിയിഴകൾ കിട്ടി. ഇവ ലിഗയുടേത് അല്ലെന്നാണ് സൂചന. മുടിയിഴകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. വാഴമുട്ടത്തെ രണ്ടു ഫൈബർ ബോട്ടുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ചോദ്യം ചെയ്യുന്നവരില്‍ കോവളത്തെ ഒരു അനധികൃത ടൂറിസ്റ്റ് ഗൈഡിനെയും ഒരു പുരുഷ ലൈംഗീക തൊഴിലാളിയെയുമാണ് കൂടുതല്‍ സംശയിക്കുന്നത്. കസ്റ്റഡിയിലുള്ളവരെല്ലാം പരസ്‌പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്. മൊഴികളിലെ ദുരൂഹത മാറ്റാന്‍ മനഃശാസ്‌ത്ര വിദഗ്ദരുടെ സഹായവും തേടിയിട്ടുണ്ട്. 

കസ്റ്റഡിയിലുള്ള പുരുഷ ലൈംഗീക തൊഴിലാളി നേരത്തെയും വിദേശ വനിതകളെ ഉള്‍പ്പെടെ ആക്രമിച്ച കേസിലെ പ്രതിയാണ്. വിശദമായി ചോദ്യം ചെയ്തെങ്കിലും ഇയാള്‍ പരസ്‌പര വിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്. ലിഗ ലൈംഗിക പീഡനത്തിന് ഇരയായോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 

ശ്വാസം മുട്ടിയാകാം മരണം സംഭവിച്ചതെന്ന വിവരമാണ് ലിഗയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ നല്‍കിയത്. മൃതദേഹം കിടന്നിരുന്ന രീതിയും സംശയം ജനിപ്പിക്കുന്നതാണ്. ആളൊഴിഞ്ഞ സ്ഥലത്ത് ലിഗ എങ്ങനെ എത്തിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, ലിഗയുടെ മൃതദേഹം തിരിച്ചറിഞ്ഞ സഹോദരി എലിസ വസ്ത്രങ്ങള്‍ ലിഗയുടേത് തന്നെയെന്ന് മൊഴി നല്‍കി. 

click me!