സ്കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

By Web DeskFirst Published Mar 3, 2018, 6:33 PM IST
Highlights

ടോയ്‍ലറ്റിലെ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ തൊഴിലാളികള്‍ ഇതിന്റെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് മാറ്റിയ ശേഷം പരിസരത്തുള്ള കടയില്‍ ചായ കുടിക്കാന്‍ പോയ സമയത്താണ് കുട്ടികള്‍ സ്ഥലത്തെത്തിയത്.

ചെന്നൈ: സ്കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ശ്രീനിവാസപുരത്തെ മാസി മെട്രിക്കുലേഷന്‍ ആന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഭവം. സ്കൂളിലെ ടോയ്‍ലറ്റുകള്‍ക്ക് സമീപമുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ എം കീര്‍ത്തീശ്വരനാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് കീര്‍ത്തീശ്വരന്‍ ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികള്‍ ടോയ്‍ലറ്റില്‍ പോകാന്‍ ടീച്ചറോട് അനുവാദം ചോദിച്ചത്. ക്ലാസില്‍ നിന്ന് ടോയ്‍ലറ്റിലേക്ക് 30 മീറ്റര്‍ മാത്രം ദൂരമേ ഉണ്ടായിരുന്നുള്ളൂ. ടോയ്‍ലറ്റിലെ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ തൊഴിലാളികള്‍ ഇതിന്റെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് മാറ്റിയ ശേഷം പരിസരത്തുള്ള കടയില്‍ ചായ കുടിക്കാന്‍ പോയ സമയത്താണ് കുട്ടികള്‍ സ്ഥലത്തെത്തിയത്. രണ്ട് ടോയ്‍ലറ്റുകള്‍ക്കിടയിലുള്ള ടാങ്കിലേക്ക് കീര്‍ത്തീശ്വരന്‍ കാല്‍ വഴുതി വീണു.

ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ഉടന്‍ തന്നെ ക്ലാസിലെത്തി ടീച്ചറോട് വിവരം പറഞ്ഞു. അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് 10 അടിയോളം ആഴമുള്ള ടാങ്കില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മകന് സുഖമില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് സ്കൂളില്‍ നിന്ന് വിളിച്ച് അറിയിച്ചതെന്ന് കീര്‍ത്തീശ്വരന്റെ മാതാപിതാക്കള്‍ പറഞ്ഞു. ഇതനുസരിച്ച് ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്ററിലെത്തിയപ്പോഴാണ് മകന്‍ മരിച്ചെന്ന വിവരം അറിഞ്ഞത്.

സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ സ്കൂളിലേക്ക് പ്രതിഷേധവുമായെത്തി. അശ്രദ്ധ കൊണ്ടുള്ള മരണത്തിന് ഐ.പി.സി 3049(എ) പ്രകാരം സ്കൂള്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

click me!