വായ്പ കുടിശിക;  വീട്ടുമുറ്റത്ത് ചിതയൊരുക്കി വീട്ടമ്മയുടെ സമരം

By Web DeskFirst Published May 10, 2018, 9:45 PM IST
Highlights
  • കുടിയൊഴിപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് കഴിഞ്ഞ മാര്‍ച്ചില്‍ സമരം അവസാനിപ്പിച്ചത്.

കൊച്ചി:  വായ്പ കുടിശികയുടെ പേരില്‍ കുടിയൊഴിപ്പിക്കല്‍ നേരിടുന്ന വീട്ടമ്മ വീട്ടുമുറ്റത്ത് ചിതയൊരുക്കി വീണ്ടും സമരം തുടങ്ങി. ഇടപ്പള്ളിയിലെ പ്രീതി ഷാജിയാണ് സ്വകാര്യ ബാങ്കിനെതിരെ സമരം തുടങ്ങിയത്. പ്രീതിയെ കുടിയൊഴിപ്പിക്കാന്‍ അഡ്വക്കേറ്റ് കമ്മീഷന്‍ ശ്രമം തുടങ്ങിയതോടെയാണ് സമരം പുനരാരംഭിച്ചത്. വയ്പയെടുത്ത ബന്ധു തിരിച്ചടവ് മുടക്കിയതോടെയാണ് ജാമ്യക്കാരിയായ പ്രീതി ഷാജിയുടെ ഇടപ്പള്ളിയിലെ വീടും സ്ഥലവും എച്ചിഡിഎഫ്‌സി ബാങ്ക് ലേലത്തില്‍ വിറ്റത്.  

പലിശയും കൂട്ടുപലിശയുമടക്കം രണ്ടരക്കോടി രൂപ ഈടാക്കാനായിരുന്നു ഇത്. ലേലത്തില്‍ പിടിച്ചയാള്‍ക്ക് വേണ്ടി ഇവരെ കുടിയൊഴിപ്പിക്കാന്‍ ബാങ്ക് അധികൃതരെത്തി.  പ്രതിരോധിക്കാന്‍ വീടിന് മുന്നില്‍ ചിതയൊരുക്കി പ്രീതി 300 ദിവസം സമരം നടത്തി.  കുടിയൊഴിപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് കഴിഞ്ഞ മാര്‍ച്ചില്‍ സമരം അവസാനിപ്പിച്ചത്. ഈ ഉറപ്പ് ലംഘിച്ച് വീടും സ്ഥലവും ഇന്ന് പതിനൊന്ന് മണിക്ക് മുമ്പ്  ഒഴിയണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് കമ്മീഷന്‍ കത്ത് നല്‍കിയതോടെയാണ് സമരം വീണ്ടും തുടങ്ങിയത്.

48 മണിക്കൂര്‍ പ്രതിരോധ സമരമായി സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനവും ഇവര്‍ക്കൊപ്പമുണ്ട്. 24 വര്‍ഷം മുമ്പ് ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ നിന്നുമാണ് പ്രീതിയുടെ ബന്ധു മൂന്ന് ലക്ഷം രൂപ വായ്പയെടുത്തത്. പിന്നീട് ലോര്‍ഡ് കൃഷ്ണ ബാങ്കിനെ എച്ച്ഡിഎഫ്‌സി ഏറ്റെടുത്തു. 2014 ലാണ് രണ്ടരക്കോടി രൂപ അടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്.

click me!