തെരുവുനായ ആക്രമണം; ഉയർന്ന നഷ്ടപരിഹാരത്തുകയിൽ വലഞ്ഞ് പഞ്ചായത്തുകൾ

By Web DeskFirst Published Dec 2, 2017, 9:15 AM IST
Highlights

തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ നിർദേശങ്ങൾ തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. എണ്ണായിരം മുതൽ 5 ലക്ഷം രൂപ വരെ നല്‍കണമെന്നാണ് സമിതിയുടെ നിര്‍ദ്ദേശം.104 പരാതികളിൽ നൽകേണ്ട നഷ്ടപരിഹാരത്തുകയുടെ വിശദാംശങ്ങളാണ് സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി, തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കയച്ചിരിക്കുന്ന ഉത്തരവിലുള്ളത്.

കോഴിക്കോട്, കൊല്ലം നഗരസഭകളും ഒറ്റശേഖരമംഗലം-വെള്ളറട പഞ്ചായത്തുകൾ സംയുക്തമായും ഒറ്റക്കേസിൽ മാത്രം 5 ലക്ഷം രൂപ നൽകണം. കണ്ണൂരിൽ ഒറ്റക്കേസിൽ മാത്രം കുന്നോത്ത്പറമ്പ് പഞ്ചായത്ത് 2,60,000വും, കൂടാളി 10,100വും കണ്ണൂർ കോർപ്പറേഷൻ 1,69,000 രൂപയും നൽകണം. മറ്റ് പരാതികൾക്ക് പുറമെയാണിവ. മുഴുവൻ പഞ്ചായത്തുകളുടെയും വിവരങ്ങൾ ഉത്തരവിലുണ്ട്. പദ്ധതികൾ പൂർത്തീകരണ ഘട്ടത്തിൽ നിൽക്കെ വരുമാനം കുറഞ്ഞ പഞ്ചായത്തുകൾക്ക് തനത് ഫണ്ടിൽ നിന്ന് ഈ തുക കണ്ടെത്തലാണ് പ്രതിസന്ധി.

പതിനായിരം രൂപ നൽകാൻ മുനിസിപ്പാലിറ്റി ശുപാർശ നൽകിയ ശ്രീകണ്ഠാപുരത്തെ കേസിൽ 76,000 രൂപ നൽകാനാണ് കമ്മിറ്റി ഉത്തരവ്. ഇതോടെ അപ്പീൽ പോകാനാണ് മുനിസിപ്പാലിറ്റി ഒരുങ്ങുന്നത്. മറ്റു പഞ്ചായത്തുകളാകട്ടെ, ഭരണസമിതി ചേർന്ന ശേഷം ഫണ്ട് കണ്ടെത്താനുള്ള ഓട്ടത്തിലാണ്. തെരുവുനായ വന്ധ്യംകരണത്തിന് നേരത്തെ പഞ്ചായത്തുകൾ ഓരോ ലക്ഷം രൂപ വീതം നൽകിയിട്ടും എങ്ങുമെത്തിയില്ലെന്നതും ശ്രദ്ധേയമാണ്. അതിനിടെ വീട്ടിലെ വളർത്തുനായ കടിച്ച് നഷ്ടപരിഹാരത്തിനായി ചെന്നവരുടെ അപേക്ഷ കമ്മിറ്റി തള്ളിയിട്ടുമുണ്ട്.

click me!