പൊലീസ് മേധാവിയാകുന്നത് മികച്ച പ്രവൃത്തി പരിചയമുള്ള ഉദ്യോഗസ്ഥന്‍

By Web DeskFirst Published May 31, 2016, 2:02 AM IST
Highlights

കേന്ദ്രസംസ്ഥാന അന്വേഷണ ഏജന്‍സികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഉദ്യോഗസ്ഥനാണ് ലോകനാഥ് ബെഹ്‌റ. സര്‍വ്വീസില്‍ ഇനിയും നാലു വര്‍ഷം ബാക്കി നില്‍ക്കെയാണ് ബെഹ്‌റ പൊലീസ് തലപ്പത്ത് എത്തുന്നത്.

1985 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ലോകനാഥ് ബെഹ്‌റ ആലപ്പുഴ എഎസ്പിയായിട്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് എറണാകുളം സിറ്റിപൊലീസ് കമ്മീഷണര്‍, തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണര്‍, കണ്ണൂര്‍ എസ്പി എന്നിങ്ങനെ പ്രവര്‍ത്തിച്ചു. സിബിഐയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയ ലോകനാഥ് ബെഹ്‌റ പുരുളിയ ആയുധ ഇടപാട് കേസുള്‍പ്പെടെ നിരവധി കേസുകള്‍ അന്വേഷിച്ചു. കേരളത്തിലേക്ക് തിരിച്ചെത്തി ബെഹ്‌റ പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള ഡിഐജിയും ഐജിയുമായി പ്രവര്‍ത്തിച്ചു. 

പൊലീസിനെ ഹൈടെക് ആക്കുന്നതിന് ബെഹ്‌റയാണ് തുടക്കം കുറിച്ചത്. മുംബൈ തീവ്രവാദി ആക്രമണത്തിനുശേഷം ദേശീയ അന്വേഷണ ഏജന്‍സി രൂപീകരിച്ചപ്പോള്‍ ബെഹ്‌റയാണ് ആദ്യ ഓപ്പറേഷന്‍ ഐജിയായി നിയമിതനായത്. 

മുംബൈ തീവ്രവാദി ആക്രമത്തിന്റെ മുഖ്യ ആസൂത്രകന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ അമേരിക്കയില്‍ ചോദ്യം ചെയ്തതും ബെഹ്‌റയായിരുന്നു. ഇസ്രത് ജഹാന്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലായിരുന്നില്ലെന്നും ഇസ്രത്ത് ജഹാനും സുഹൃത്തുക്കള്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്നുമുള്ള ബെഹ്‌റയുടെ വെളിപ്പെടുത്തല്‍ ദേശീയ തലത്തില്‍ തന്നെ വിവാദമായിരുന്നു. ഹെഡ്‌ലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബെഹ്‌റയുടെ വെളിപ്പെടുത്തലുകള്‍. 

ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം ജയില്‍ മേധാവിയായ ബെഹ്‌റ അവിടെയും നവീകരണത്തിന് തുടക്കമിട്ടു. ഫയര്‍ഫോഴ്‌സിലേക്ക് മാറ്റിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാരിന് അദ്ദേഹം കത്തുനല്‍കിയിരുന്നു. ബെഹ്‌റയുടെ അതേ ബാച്ചിലെ ഉദ്യോഗസ്ഥനായ ജേക്കബ് തോമസാണ് വിജിലന്‍സ് ഡയറക്ടറായി നിയമിതനാകുന്നത്. 

സീനിയോറിറ്റിയില്‍ ബെഹ്‌റക്ക് തൊട്ടുമുന്നിലുള്ള ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അഴിമതിക്കെതിരെ കര്‍ശന നിലപാടെടുക്കുന്ന ഉദ്യോഗസ്ഥനെന്ന  ഇമേജാണ് ജേക്കബ് തോമസിനെ വിജിലന്‍സ് തലപ്പത്ത് നിയമിക്കാനിടയാക്കിയത്.

click me!