
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചാന്ദ്രഗ്രഹണത്തിനൊരുങ്ങി ശാസ്ത്രലോകം. ഈ മാസം 27നാണ് ഈ വിശേഷ ആകാശ വിസ്മയം. ഒരു മണിക്കൂർ 42 മിനിറ്റ് 57 സെക്കന്റ് സമയം ചന്ദ്രൻ ഭൂമിയുടെ പൂർണ നിഴലിലാകുമെന്നതാണ് ഈ ഗ്രഹണത്തിന്റെ പ്രത്യേകത. ചന്ദ്രൻ ചുവന്ന നിറത്തിൽ ദൃശ്യമാകുന്ന മനോഹരകാഴ്ച ഇന്ത്യയിലും കാണാൻ കഴിയും. ബ്ലഡ് മൂൺ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഇന്ത്യക്ക് പുറമെ ഗൾഫ് , തെക്ക് കിഴക്കൻ ഏഷ്യ, യൂറോപ്പ്, ആഫ്രിക്കൻ മേഖലകളിലും ഗ്രഹണം ദൃശ്യമാകും.
ഇന്ത്യയിൽ 27ന് രാത്രി 10.44 ന് ശേഷമാകും ഗ്രഹണം ദൃശ്യമായി തുടങ്ങുക. 28ന് രാവിലെ വരെ ഇത് തുടരും. പൂർണഗ്രണം ഒരു മണിക്കൂർ 42 മിനിറ്റ് 57 സെക്കന്റ് നേരമാണ് ഉണ്ടാകുകയെങ്കിലും ഭാഗീക ഗ്രഹണം ആറ് മണിക്കൂർ വരെ നീളും. പെനുംബ്രൽ എക്ലിപ്സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ വർഷം ജനുവരി 31ന് നടന്നതാണ് ഇതിന് മുൻപ് ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണം. ഒരു മണിക്കൂർ 16 മിനിറ്റാണ് അന്ന് ഗ്രഹണം നീണ്ടുനിന്നത്.
ചന്ദ്രനും സൂര്യനും മധ്യത്തിലായി ഭൂമി വരുമ്പോഴാണ് ചാന്ദ്രഗ്രഹണങ്ങൾ സംഭവിക്കുന്നത്. ഭൂമിയുടെ നിഴലിലായതിനാൽ സൂര്യനിൽ നിന്ന് നേരിട്ടുള്ള പ്രകാശം അപ്പോൾ ചന്ദ്രന് ലഭിക്കില്ല. ഭൂമിയുടെ അന്തരീക്ഷത്തിൽ തട്ടിത്തെറിച്ചെത്തുന്ന ചുവന്ന പ്രകാശം മാത്രം വീഴുന്നതിനാലാണ് ചന്ദ്രൻ ഈ സമയത്ത് ചുവന്ന നിറത്തിൽ ദൃശ്യമാകുന്നത്. മുൻകാലങ്ങളിൽ ചുവന്ന ചന്ദ്രൻ അശുഭ ലക്ഷണമായാണ് ലോകം കണ്ടിരുന്നത്. ഗ്രഹണസമയത്ത് പല തരത്തിലുള്ള മോശം കാര്യങ്ങളും സംഭവിക്കുമെന്ന വിശ്വാസം പ്രബലമായിരുന്നു. ഈ സമയത്ത് കുറ്റകൃത്യങ്ങൾ കൂടുമെന്നും അപകടങ്ങൾ വർദ്ധിക്കുമെന്നുമായിരുന്നു തെറ്റിദ്ധാരണകൾ. എന്നാൽ ഇതെല്ലാം തെറ്റാണെന്ന് ഇന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. പക്ഷെ വേലിയേറ്റം വേലിയിറക്കം പോലുള്ള സമുദ്രപ്രതിഭാസങ്ങളെ ചന്ദ്രൻ സ്വാധീക്കാറുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam