സിപിഐ എംഎല്‍എയുടെ മകളുടെ ആഡംബര വിവാഹം; വിജിലന്‍സിന് പരാതി

By Web DeskFirst Published Jun 7, 2017, 6:58 PM IST
Highlights

തിരുവനന്തപുരം: മകളുടെ വിവാഹം ആഡംബരമായി നടത്തിയ സിപിഐയുടെ നാട്ടിക എംഎല്‍എ ഗീത ഗോപിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജിലന്‍സിന് പരാതി നല്‍കി. അതെസമയം എംഎല്‍എയോട് സിപിഐ തൃശൂര്‍ ജില്ലാ നേതൃത്വം വിശദീകരണം തേടി.

ആഡംഭരവിവാഹം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിനും ആദായനികുതി വകുപ്പിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് വിവാഹം നടത്താനും 300 പവന്‍ സ്വര്‍ണം സ്ത്രീധനം നല്‍കാനുമുളള പണത്തിന്റെ സ്‌ത്രോതസ്സ് അന്വേഷിക്കണമെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. എംഎല്‍എ ആഡംബരകാര്‍ വാങ്ങിയതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും പരാതിയില്‍ പറയുന്നു. എംഎല്‍എയ്ക്ക് വീഴ്ച പറ്റിയെന്ന നിലപാടിലാണ് സിപിഐ നേതൃത്വം

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ നിര്‍ദേശപ്രകാരം തൃശൂര്‍ ജില്ലാ നേതൃത്വം ഗീത ഗോപിയോട് വിശദീകരണം തേടി.വിശദീകരണം കിട്ടിയശേഷം തുടര്‍നടപിടി സ്വീകരിക്കും. ഗീത ഗോപി തുടര്‍ച്ചയായ നടത്തിയ വിദേശയാത്രകളെ കുറിച്ചും സിപിഐ നേതാക്കള്‍ക്കിടിയല്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എംഎല്‍എക്കെതിരെയുളള നടപടി ശാസനയില്‍ ഒതുക്കാനാണ് സാധ്യത.

click me!