മദനിയ്ക്ക്  നാലു മുതല്‍ 12 വരെ കേരളത്തില്‍  കഴിയാന്‍ എന്‍ഐഎ കോടതി അനുമതി

By Web DeskFirst Published Jul 2, 2016, 10:37 AM IST
Highlights

ബെംഗളൂരു: സ്‌ഫോടന കേസില്‍ വിചാരണത്തടവുകാരനായി കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയ്ക്ക് കേരളത്തിലേയ്ക്ക് പോകാന്‍ ബെംഗളൂരു എന്‍ഐഎ കോടതി അനുമതി നല്‍കി.സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഈ മാസം നാല് മുതല്‍ പന്ത്രണ്ടാം തിയതി വരെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കികൊണ്ട് നാട്ടിലേയ്ക്ക് പോകാന്‍ അനുമതിയായിരിക്കുന്നത്. 

ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കേരളത്തിലേയ്ക്ക് പോകാന്‍ അനുവദിക്കണമെന്ന മദനിയുടെ അപേക്ഷയില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.എന്നാല്‍ എത്രദിവസത്തേയ്ക്കാണ് അനുമതിയെന്നത് ബെംഗളൂരുവിലെ വിചാരണ കോടതിക്ക് തീരുമാനിക്കാം എന്നായിരുന്നു സുപ്രീം കോടതി നിദ്ദേശം. മദനിയ്ക്ക് നാല് മുതല്‍ പതിനാലാം തിയതി വരെ രോഗബാധിതയായ അമ്മയെ കാണാന്‍ സ്വദേശത്തേയ്ക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു അഭിഭാഷകര്‍ വിചാരണ കോടതി മുന്‍പാകെ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് വിചാരണ കോടതി ജസ്റ്റിസ് ശിവണ്ണ ഈ മാസം നാല് മുതല്‍ പന്ത്രണ്ട് വരെ മദനിയ്ക്ക് നാട്ടിലേയ്ക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു.

ഈ ദിവസങ്ങളില്‍ മദനിയ്ക്ക് വേണ്ട സുരക്ഷയൊരുക്കണമെന്നും കര്‍ണാടക സര്‍ക്കാരിനോട് വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പതിനഞ്ചാം തിയതി നടക്കുന്ന കേസിന്റെ  വിചാരണയില്‍ മദനി ഹാജരാകേണ്ടതു കൊണ്ടാണ് നാല് മുതല്‍ പന്ത്രണ്ട് വരെ അനുമതി നല്‍കിയത്. തിങ്കളാഴ്ച തന്നെ വിമാനമാര്‍ഗം മദനി നാട്ടിലേയ്ക്ക് പുറപ്പെടും. ബെംഗളൂരു വിട്ട് പോകാനാകില്ലെന്നതുള്‍പ്പടെ കര്‍ശന ജാമ്യവ്യവസ്ഥതകളോടെയാണ് മദനി വിചാരണത്തടവുകാരനായി ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇതിന് മുന്‍പ് 2013 മകളുടെ വിവാഹത്തിനും,2015 ല്‍ മാതാപിതാക്കളെ കാണാനും മദനിയ്ക്ക് അനുമതി ലഭിച്ചിരുന്നു.ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന മദനിയുടെ അപേക്ഷ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തിരുന്നു.

click me!