കൽക്കരി അഴിമതി കേസ്: മധു കോഡയും എച്ച്.സി. ഗുപ്തയും കുറ്റക്കാരെന്ന് സിബിഐ കോടതി

By Web DeskFirst Published Dec 13, 2017, 1:34 PM IST
Highlights

ദില്ലി: കൽക്കരി അഴിമതി കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയും മുൻ കൽക്കരി സെക്രട്ടറി എച്ച്.സി.ഗുപ്തയും കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തി. കേസില്‍ ശിക്ഷ നാളെ വിധിക്കും. കൊൽക്കത്ത ആസ്ഥാനമായ കമ്പനിക്ക് ചട്ടങ്ങൾ ലംഘിച്ച് കൽക്കരിപ്പാടം അനുവദിച്ചെന്ന കേസിലാണ് വിധി.

2007 ൽ കൊൽക്കത്ത ആസ്ഥാനമായ സ്വകാര്യ ഉരുക്ക് നിർമ്മാണ കമ്പനിക്ക് ജാർഖണ്ഡിലെ രാജ്ഹരയിലുള്ള കൽക്കരി പാടങ്ങൾ അനുവദിച്ചതിൽ അഴിമതി നടന്നതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയെ കൂടാതെ മുൻ കേന്ദ്ര കൽക്കരി സെക്രട്ടറി എച്ച്.സി. ഗുപ്ത, ഝാർഖണ്ഡ് മുൻ ചീഫ് സെക്രട്ടറി അശോക് കുമാർ ബസു, കമ്പനി ഡയറക്ടർ വൈഭവ് തുൽസ്യൻ ഉൾപ്പടെ എട്ടു പ്രതികളാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നത്.

അഴിമതി നിരോധന നിയമം, ക്രിമിനൽ ഗൂഡാലോചന, വഞ്ചനാക്കുറ്റം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. നിശ്ചിത യോഗ്യത ഇല്ലാത്ത കമ്പനിക്ക് കരാർ നൽകാൻ സംസ്ഥാന കൽക്കരി വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രിയായിരുന്ന മധു കോഡയും കേന്ദ്ര കൽക്കരി സെക്രട്ടറി എച്ച്.സി. ഗുപ്തയും തീരുമാനമെടുത്തെന്ന് സിബിഐ കണ്ടെത്തി.

കരാർ സംബന്ധിച്ച വിവരങ്ങൾ കൽക്കരി മന്ത്രാലയത്തിന്‍റെ ചുമതല വഹിച്ചിരുന്ന അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിൽ നിന്ന് കേന്ദ്ര കൽക്കരി സെക്രട്ടറി മറച്ചുവെച്ചെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ വരെ ആരോപണവിധേയരാക്കിയ കൽക്കരി കേസിലാണ് മധു കോഡ ഉൾപ്പടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 
 

click me!