
ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ രത്നവ്യാപാരി നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കൃഷിയിറക്കി ഒരു കൂട്ടം കർഷകർ. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള നീരവിന്‍റെ 20 ഏക്കർ ഭൂമിയാണ് കർഷകർ കയ്യടക്കിയത്. സ്ത്രീകളടക്കം ഇരുന്നൂറോളം കർഷകരാണ് സ്ഥലം കയ്യേറിയത്.
കേന്ദ്ര-സംസ്ഥാന കർഷക വിരുദ്ധ നിലപാടുകൾക്കെതിരെയും, ഭൂമിയുടെ യഥാർഥ അവകാശികൾ കർഷകരാണെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കർഷകരുടെ വേറിട്ട പ്രതിഷേധം. കാളവണ്ടികളിലും ട്രാക്ടറുകളിലുമായി സംഘടിച്ചെത്തിയ കർഷകർ നിലം ഉഴുത് വിത്തുകൾ വിതറുകയായിരുന്നു. ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രങ്ങളും ദേശീയ പതാകയും കൈയിലേന്തി മുദ്രാവാക്യങ്ങൾ വിളിച്ചാണ് കർഷകരെത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്യുന്നു.
അഹമ്മദ്നഗറില്‍ ഖണ്ഡലേ ഗ്രാമത്തില്‍ നീരവ് മോദിക്ക് 250ഏക്കര്‍ ഭൂമിയാണ് ഉള്ളത്. 2013ൽ നീരവ് മോദിയുടെ കമ്പനി പിടിച്ചെടുത്തതാണു ഭൂമിയെന്ന് കർഷകരിലൊരാൾ ആരോപിച്ചു. ഏക്കറിന് രണ്ടു ലക്ഷം വരെ വിലയുണ്ടായിരുന്നപ്പോൾ വെറും പതിനായിരവും പതിനയ്യായിരവും രൂപ നൽകിയാണ് സ്ഥലമേറ്റെടുത്തതെന്നും അവർ ആരോപിക്കുന്നു. 'ഭൂമി ആന്തോളൻ' എന്ന പേരിൽ തുടർന്നും പ്രക്ഷോഭം നടത്തുമെന്നും ഇപ്പോളത്തെ കൃഷിയിറക്കൽ സമരം ഒരു തുടക്കം മാത്രമാണെന്നും കർഷകർ അറിയിച്ചു. നീരവ് മോദിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ് ഈ ഭൂമി ഏറ്റെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam