ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിന് മാതൃക; യോഗിയെ തള്ളി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി

By Web DeskFirst Published Oct 12, 2017, 12:38 PM IST
Highlights

കോഴിക്കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കേരള വിമര്‍ശനത്തെ തള്ളി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി. ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയെന്ന് മഹാരാഷ്ട്ര ആരോഗ്യമനത്രി ഡോ. ദീപക് സാവന്ത് കോഴിക്കോട്ട് പറഞ്ഞു. കേരളത്തിലെ അരോഗ്യമേഖലയെക്കുറിച്ച് പഠിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

കേരളം ആരോഗ്യ രംഗത്ത് യു.പിയെ കണ്ട് പഠിക്കണമെന്ന് യോഗി ആദിത്യനാഥ് വിമര്‍ശനം ഉന്നയിച്ചത് ഈ മാസം ആദ്യം. എന്നാല്‍ മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രിയും ശിവസേനാ നേതാവുമായ ഡോ. ദീപക് സാവന്ത് കേരളത്തിലെ അരോഗ്യമേഖലയ്ക്ക് നല്‍കുന്നത് നൂറ് മാര്‍ക്ക്. ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് കോട്ടപ്പറമ്പിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ച് പഠിക്കാനാണ് മന്ത്രിയും സംഘവും കോഴിക്കോട്ട് എത്തിയത്. ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ എന്ത് സംവിധാനമാണ് ഇവിടെ നടപ്പിലാക്കിയത് എന്ന് മനസിലാക്കാനാണ് എത്തിയതെന്ന് മന്ത്രി പറഞ്ഞു. കേരളം നല്ല ഉദാഹരണമാണ്. എല്ലാവരും ഇത് കണ്ട് പഠിക്കണം. നല്ലത് എവിടെയായായും എല്ലാ സംസ്ഥാനങ്ങളും പാഠമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കുറഞ്ഞ ശിശുമരണ നിരക്കിനേയും മന്ത്രി പ്രകീര്‍ത്തിച്ചു. കോഴിക്കോട്ടുള്ള മറ്റ് ചില സര്‍ക്കാര്‍ ആശുപത്രികള്‍ കൂടി സന്ദര്‍ശിച്ച ശേഷമാണ് ഡോ.ദീപക് സാവന്ത് മടങ്ങുക.     
    

click me!