
ലണ്ടന്‍: ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായിയുടെ പുതിയ പുസ്തകം സെപ്റ്റംബറില്‍ പുറത്തിറങ്ങും. "വീ ആര്‍ ഡിസ്പ്ലെയ്സിഡ്: ട്രൂ സ്റ്റോറീസ് ഓഫ് റെഫ്യൂജി ലൈഫ്സ്" എന്നാണ് പുസ്തകത്തിന് മലാല നല്‍കിയിരിക്കുന്ന പേര്. വിവിധയിടങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലൂടെ മലാല നടത്തിയ യാത്രകള്‍ക്കിടയില്‍ പരിചയപ്പെട്ട പെണ്‍കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതകഥകളാണ് പുതിയ പുസ്തകത്തിലൂടെ പറഞ്ഞുപോകുന്നത്.
പ്രസാധകരായ വീഡന്‍ഫെല്‍ഡ് ആന്‍ഡ് നിക്കോള്‍സണാണ് പുസ്തകം പുറത്തിറക്കുന്നത്. പുതിയ പുസ്തകം പുറത്തുവരുന്നതോടെ മലാലയുടെ ജീവന് ഭീഷണി ഉയര്‍ന്നേക്കാമെന്നത് ആശങ്കയുണ്ട്. അഭയാര്‍ഥി ക്യാമ്പുകളിലെ പെണ്‍കുട്ടികളുടെ വ്യക്തി ജീവിതങ്ങളെ തുറന്നെഴുതുന്ന പുസ്തകം ഐ.എസ്., താലിബാന്‍ പോലെയുളള തീവ്രവാദ സംഘടനകളുടെ ചെയ്തികളെ തുറന്നുകാട്ടുന്നതാണെന്നാണ് ലഭിക്കുന്ന സൂചന. ഇതിനാല്‍ തീവ്രവാദ സംഘടനകള്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതോടെ മലാലയ്ക്കെതിരെ തിരിഞ്ഞേക്കാം. മലാലയുടെ ആത്മകഥ "ഞാന്‍ മലാല" ബെസ്റ്റ് സെല്ലറായിരുന്നു. ഞാന്‍ മലാല മലയാളമടക്കം അനേകം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികൂടിയാണ്.
പാകിസ്ഥാനിലെ സ്വാത്ത് താഴ്വരയില്‍ ജനിച്ച മലാല ബി.ബി.സിയുടെ ഉറുദ്ദു ബ്ലോഗുകളിലൂടെയാണ് പ്രശസ്തയാവുന്നത്. ബ്ലോഗുകളിലെ പരാമര്‍ശങ്ങളെത്തുടര്‍ന്ന് പാക് താലിബാന്‍ മലാലയെ വധിക്കാന്‍ ശ്രമിച്ചിരുന്നു. വധശ്രമത്തില്‍ നിന്ന് അദ്ഭുദകരമായി രക്ഷപെട്ട മലാലയെ ചികിത്സയ്ക്കായി ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി. പരിക്കുകളില്‍ നിന്ന് മുക്തയായ മലാല തന്‍റെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും. ലോകത്തെ അഭയാര്‍ത്ഥികളായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങുകയും ചെയ്തു. സമാധാന ശ്രമങ്ങള്‍ക്കുളള അംഗീകാരമായി 2014 ല്‍ കൈലാഷ് സത്യാര്‍ത്ഥിക്കൊപ്പം സമാധാനത്തിനായുളള നോബേല്‍ സമ്മാനം മലാലയ്ക്ക് ലഭിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam