മലയാളി വീട്ടമ്മമാര്‍ പറയുന്നു, ഭര്‍ത്താവിന് ഞങ്ങളെ തല്ലാന്‍ അധികാരമുണ്ട്

By Web DeskFirst Published Jan 16, 2018, 1:02 PM IST
Highlights

മുംബൈ: ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ഗാര്‍ഹിക പീഡനത്തെ പിന്തുണച്ച് ഭൂരിഭാഗം മലയാളി വീട്ടമ്മമാരും. മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സ് നടത്തിയ സര്‍വ്വേയിലാണ് സ്ത്രീമുന്നേറ്റ നീക്കങ്ങള്‍ക്ക് ഒട്ടും പ്രോല്‍സാഹനം നല്‍കാത്ത രീതിയിലുള്ള ഈ വിവരം വ്യക്തമാകുന്നത്. 

സര്‍വ്വേയില്‍ പങ്കെടുത്ത 69 ശതമാനം വീട്ടമ്മമാരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ ഗാര്‍ഹിക പീഡനത്തെ അനുകൂലിക്കുന്നുവെന്നാണ് സര്‍വ്വേഫലം. ഗാര്‍ഹിക പീഡനത്തെ 58 ശതമാനം പുരുഷന്മാരാണ് അനുകൂലിക്കുന്നത്. സ്ത്രീകളേക്കാള്‍ താഴെയാണ് ഗാര്‍ഹിക പീഡനത്തെ അനുകൂലിക്കുന്ന പുരുഷന്മാരുടെ എണ്ണമെന്നതും ശ്രദ്ധേയമാണ്. 15 നും 49 നും മധ്യേ പ്രായമുള്ളവര്‍ക്കിടെയിലായിരുന്നു സര്‍വ്വേ നടത്തിയത്. 

തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും സാക്ഷരകേരളം തമിഴ്നാട്, തെലങ്കാന, കര്‍ണാട സംസ്ഥാനങ്ങളേക്കാള്‍ ഏറെ പിന്നിലാണ്. കേരളത്തില്‍ 12 ശതമാനം സ്ത്രീകള്‍ തനിയെ സഞ്ചരിക്കുമ്പോള്‍ അത് മറ്റ് സംസ്ഥാനങ്ങളില്‍ യഥാക്രമം 54ഉം,44ഉം, 31ഉം ശതമാനമാണ്. 

പത്ത് വര്‍ഷം മുമ്പ് ഇതേ വിഷയത്തില്‍ നടത്തിയ സര്‍വ്വേയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗാര്‍ഹിക പീഡനത്തെ അനുകൂലിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിയതായും കാണാം. 

ഭാര്യയെ മര്‍ദ്ദിക്കാന്‍ തക്ക കാരണങ്ങളായി മലയാളി വീട്ടമ്മമാര്‍  കരുതുന്ന കാരണങ്ങള്‍ ഇവയാണ്

  • കുടുംബത്തെയും കുട്ടികളെയും നോക്കാതിരിക്കുക.
  • ഭര്‍ത്താവിന്റെ മാതാപിതാക്കളെ ബഹുമാനിക്കാതിരിക്കുക.
  • നന്നായി പാചകം ചെയ്യാതിരിക്കുക.
  • ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുക.

ഭര്‍ത്താവിന്റെ അനുവാദമില്ലാതെ പുറത്ത് പോയ ഭാര്യയെ മര്‍ദ്ദിക്കാമെന്നും, ഭര്‍ത്താവിന് സംശയം തോന്നിയാല്‍ മര്‍ദ്ദിക്കാമെന്നും, ഭര്‍ത്താവുമായി തര്‍ക്കിച്ചാല്‍ ഭാര്യയെ മര്‍ദ്ദിക്കാമെന്നും ഒരു വിഭാഗം സ്ത്രീകള്‍ സര്‍വ്വേയില്‍ പ്രതികരിച്ചു. 

എന്നാല്‍ ഭാര്യയെ തല്ലുന്നതില്‍ മുന്നിലുള്ളത് തെലങ്കാനയും മണിപ്പൂരുമാണുള്ളതെന്നതാണ് അല്‍പം ആശ്വാസകരമായ സര്‍വ്വേഫലം. ഗ്രാമീണ മേഖലയിലുള്ളവരാണ് ഗാര്‍ഹിക പീഡനത്തെ അനുകൂലിക്കുന്നവരില്‍ ഏറിയ പങ്കും.

click me!