
കൽപ്പറ്റ: ഗള്‍ഫില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിയപ്പോള്‍ മാറിപ്പോയതായി റിപ്പോര്‍ട്ട്. മൃതദേഹത്തിന് പകരം നാട്ടിലെത്തിയത് തമിഴ്നാട് സ്വദേശിയുടെ മൃതദേഹമാണ്. അബുദാബിയിൽ നിന്ന് ഇന്നലെ രാത്രി എയർ ഇന്ത്യാ വിമാനത്തിൽ എത്തിയ വയനാട് അമ്പലവയൽ നരിക്കുണ്ട് അഴീക്കോടൻ ഹരിദാസന്‍റെ മകൻ നിഥിന്‍റെ മൃതദേഹമാണ് മാറിപ്പോയത്.
ഇരുപത്തിയൊമ്പതുകാരനായ നിഥിന്‍റെ മൃതദേഹമാണെന്ന് കരുതി ചെന്നൈ സ്വദേശിയുടെ മൃതദേഹം രാവിലെ എട്ടരയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് വയനാട്ടിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി പെട്ടി തുറന്നുനോക്കിയപ്പോൾ മറ്റൊരു മൃതദേഹമാണ് കണ്ടത്.
തുടർന്ന് ബന്ധുക്കൾ അബുദാബിയില്‍ വിളിച്ചപ്പോഴാണ് നിഥിന്‍റെ മൃതദേഹം അബുദാബിയില്‍ തന്ന ഉള്ളതായി അറിഞ്ഞത്, പകരം അബുദാബിയിൽ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹം കയറ്റി അയച്ചു. ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന നിഥിനെ കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതർ നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന. ബത്തേരി ആശുപത്രി മോർച്ചറിയിലുള്ള ചെന്നൈ സ്വദേശിയുടെ മൃതദേഹം ചെന്നൈയിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചിട്ടുള്ളതായാണ് വിവരം. അതോടൊപ്പം ഇന്ന് രാത്രി തന്നെ നിഥിന്‍റെ മൃതദേഹം ചെന്നൈയിലെത്തിക്കാനുള്ള നടപടികളും സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നടന്നുവരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam