പ്രതിപക്ഷ ഐക്യം ഉറപ്പിക്കാന്‍ മമത: ദില്ലിയില്‍ തിരക്കിട്ട കൂടിക്കാഴ്ചകള്‍

By Web DeskFirst Published Mar 27, 2018, 4:00 PM IST
Highlights
  • യശ്വന്ത് സിന്‍ഹയും ശത്രുഘന്‍ സിന്‍ഹയും അരുണ്‍ഷൂരിയും നാളെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തും

ദില്ലി: ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹയും ശത്രുഘന്‍ സിന്‍ഹയും അരുണ്‍ഷൂരിയും നാളെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്ന് ദില്ലിയിലെത്തിയ മമത പാര്‍ലമെന്റ ഹാളില്‍ വച്ച് വിവിധ കക്ഷികളുടെ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു തുടര്‍ച്ചയായാണ് ബിജെപി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന യശ്വന്ത് സിന്‍ഹ, ശത്രുഘന്‍ സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരേയും മമത കാണുന്നത്. 

ഇന്ന് രാവിലെ പാര്‍ലമെന്റ് ഹൗസിലെത്തിയ മമത എന്‍സിപി നേതാക്കളായ ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന ശിവസേനയുടെ ലോക്‌സഭാ കക്ഷിനേതാവ് സഞ്ജയ് റാവത്തുമായും അവര്‍ ചര്‍ച്ചകള്‍ നടത്തി. ആര്‍ജെഡി നേതാവ് ലല്ലുപ്രസാദ് യാദവിന്റെ മകള്‍ മിര്‍സ ഭാരതിയുമായും മമത ബാനര്‍ജി കൂടിക്കാഴ്ച്ച നടത്തി. 

അസുഖബാധിതയായി വിശ്രമത്തിലായതിനാല്‍ സോണിയാ ഗാന്ധിയെ കാണുന്നില്ലെന്നും അവര്‍ ആരോഗ്യം വീണ്ടെടുത്ത ശേഷം കാണാനെത്തുമെന്നും പറഞ്ഞ മമത അഖിലേഷ് യാദവും മായാവതിയും താത്പര്യപ്പെടുകയാണെങ്കില്‍ അവരെ ഉത്തര്‍പ്രദേശില്‍ ചെന്നു കാണുമെന്നും വ്യക്തമാക്കി. നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായോ എന്ന ചോദ്യത്തിന് രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ കാണുമ്പോള്‍ രാഷ്ട്രീയം തന്നെയാവും ചര്‍ച്ച ചെയ്യുകയെന്ന് പറഞ്ഞ മമത 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉറപ്പായും ആവേശം നിറഞ്ഞതായിരിക്കുമെന്നും പറഞ്ഞു.
 

click me!