ദില്ലിയില്‍ ആഫ്രിക്കന്‍ വംശജനെ തല്ലിക്കൊന്നു

By Web DeskFirst Published May 21, 2016, 6:51 PM IST
Highlights

ദില്ലി: ദില്ലിയില്‍ ആഫ്രിക്കന്‍ സ്വദേശിയായ യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കോംഗോ സ്വദേശിയായ ഒലിവ ആണ് മരിച്ചത്. സംഭവത്തില്‍ പ്രദേശവാസികളായ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെക്കന്‍ ദില്ലിയിലെ വസന്ത് കുഞ്ചിലെ കിഷന്‍ ഗഢിലാണ് സംഭവം. ഇന്നലെ രാത്രിയാണ് ഒലിവ എന്ന കോംഗോ സ്വദേശിയായ ഇരുപത്തിമൂന്ന് കാരനെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. നാലോ അഞ്ചോ ആളുകള്‍ സംഘത്തിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. അന്വേഷണമാരംഭിച്ച പൊലീസ് പ്രദേശവാസികളായ ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.

ഇരുപത് മീറ്ററോളം ദൂരം ഇയാളെ കല്ലുകളും ഇഷ്‌ടികയും ഉപയോഗിച്ച് ആക്രമിച്ചെന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്‍തുടര്‍ന്ന് മര്‍ദ്ദിച്ചെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. അടിയേറ്റ് വീണ ഒലിവയെ ചിലര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറിയ തര്‍ക്കത്തെത്തുടര്‍ന്ന് കൊലപാതകത്തില്‍ കലാശിച്ചതാവാനാണ് സാധ്യതയെന്നാണ് പൊലീസ് പറയുന്നത്.

വംശീയ വിദ്വേഷം കൊലപാതകത്തിനു പിന്നിലുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ മോഷണമോ മുന്‍വൈരാഗ്യമോ ആവാന്‍ സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു. ദില്ലി ലഫ്റ്റനന്‍റ് ഗവര്‍ണറോട് വിദേശകാര്യമന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്.  മൃതദേഹം പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയില്‍ വിദേശികള്‍ക്ക് ഏറ്റവുമധികം അക്രമങ്ങള്‍ നേരിടേണ്ടി വന്ന സ്ഥലം ദില്ലിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ രാജ്യസഭയെ അറിയിച്ചിരുന്നു.

click me!