സ്വര്‍ണനിധി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ ആള്‍ അറസ്റ്റില്‍

By Web DeskFirst Published Apr 10, 2017, 7:02 PM IST
Highlights

ഇടുക്കി: സ്വര്‍ണ്ണനിധി നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. മൂന്നാര്‍  ലക്ഷ്മി സ്വദേശി രാമയ്യയാണ് അറസ്റ്റിലായത്.മുമ്പും സമാനമായ തട്ടിപ്പ് കേസില്‍ പിടിയിലായ ആളാണ് അറസ്റ്റിലായ രാമയ്യ. മറയൂര്‍ മേലാടി സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. വീടിനടുത്തുള്ള സ്‌ത്രീയുടെ ഭര്‍ത്താവായ കെഎസ്ആര്‍ടിസി ജീവനക്കാരനാണ് പ്രതിയെ ഇവര്‍ക്ക് പരിചയപ്പെടുത്തിയത്.

ബംഗലൂരുവിലുള്ള സുഹൃത്തിന്റെ കൈവശം നിധിയായിക്കിട്ടിയ 5 കിലോ, തങ്കമുണ്ടെന്നും കുറഞ്ഞ വിലയില്‍ നികുതി ഇല്ലാതെ നല്‍കാമെന്നും പറഞ്ഞാണ് ഇവര്‍ വീട്ടമയെ സമീപിച്ചത്. വിശ്വാസം നേടുന്നതിനായി കൈവശമുണ്ടായിരുന്ന 680 ഗ്രാം സ്വര്‍ണ്ണം ഇവര്‍ക്ക് നല്‍കി. അടിമാലിയിലും കോയമ്പത്തൂരിലും കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ അത് 24 കാരറ്റ് സ്വര്‍ണ്ണമാണെന് തെളിഞ്ഞതോടെ വീട്ടമ്മ ഇയാളില്‍ നിന്ന് കൂടുതല്‍ തങ്കം വാങ്ങാന്‍ തീരുമാനിച്ചു.

തുടര്‍ന്ന് പ്രതി രാമയ്യയോടൊപ്പം  ബെംഗലൂവില്‍ചെന്ന് ഒരു ലക്ഷംരൂപയുടെ തങ്കം വാങ്ങി. നാട്ടില്‍ മടങ്ങിയെത്തി പരിശോധിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടെന്ന് വീട്ടമ്മയ്‌ക്ക് മനസ്സിലായത്. രണ്ടാമത് ലഭിച്ച ആഭരണം മുഴുവന്‍ ചെമ്പായിരുന്നു. ഉടന്‍ തന്നെ മൂന്നാര്‍ പൊലീസില്‍ പരാതിനല്‍കി.
അതിനുപിന്നാലെ രാമയ്യയെ ഫോണില്‍ വിളിച്ച് രണ്ടു ലക്ഷം രൂപയ്‌ക്ക് കൂടി സ്വര്‍ണ്ണം വേണമെന്നാവശ്യപ്പെട്ടു.  തുടര്‍ന്ന് ഞായറാഴ്ച മൂന്നാര്‍ ടൗണില്‍ വച്ച് സ്വര്‍ണ്ണം കൈമാറാനെത്തിയ ഇയാളെ വേഷം മാറി നിന്ന പോലീസ് പിടികൂടുകയും ചെയ്തു.

ഇയാളുടെ പക്കല്‍ നിന്നും സ്വര്‍ണ്ണമെന്ന പേരില്‍ കൊണ്ടുവന്ന ചെമ്പും പോലീസ് പിടിച്ചെടുത്തു. സമാന രീതിയില്‍ പഴയ മൂന്നാറില്‍ മൂന്നു പേരെയും ആനച്ചാലില്‍ രണ്ടു പേരെയും ഇയാള്‍ കബളിപ്പിച്ച് പണം തട്ടിയതായി ഇയാള്‍ പോലിസിനോടു പറഞ്ഞു.കൂടുതല്‍പേര്‍  ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പലരും മാനക്കേട് ഓര്‍ത്ത് പുറത്ത് പറയാത്തതാണെന്നും പൊലീസ് സംശയിക്കുന്നു. മൂന്നാര്‍ ലക്ഷ്മി സ്വദേശിയായ പ്രതി നിലവില്‍ പാലാ കൊല്ലപ്പിള്ളിയില്‍ വര്‍ക്ഷോപ്പ് ജീവനക്കാരനാണ്. ഇയാളെ തിങ്കളാഴ്ച ദേവികുളം കോടതിയില്‍ ഹാജരാക്കും.

 

click me!