
ഒരു ദിവസം എടിഎം വഴി പിന്‍വലിക്കാവുന്ന തുക 4500 രൂപയാണ്. രാജസ്ഥാനിലെ ടോങ്ക് എന്ന സ്ഥലത്ത്, ജിതേഷ് ദിവാകര്‍ എന്നയാള്‍ എടിഎം കൗണ്ടറില്‍ പോയി 3500 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നെ കണ്ടത്, ജിതേഷിനെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. എടിഎമ്മില്‍നിന്ന് പണം ഒഴുകുന്നതാണ് അയാള്‍ കണ്ടത്. ആ പണമൊഴുക്ക് നിന്നത് 70000 രൂപയുടെ നോട്ടുകള്‍ പുറത്തേക്ക് വീഴ്‌ത്തിയശേഷമാണ്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പുരില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഈ വിവാദ എടിഎം കൗണ്ടര്‍. ജിതേഷിന് മാത്രമല്ല, മറ്റു പലര്‍ക്കും ഇതേ എടിഎമ്മില്‍നിന്ന് ആവശ്യപ്പെട്ടതില്‍ അധികം പണമാണ് ലഭിച്ചത്. എന്നാല്‍ കിട്ടിയവര്‍ പണവുമായി മുങ്ങി. പക്ഷേ ജിതേഷ് സത്യസന്ധനായതുകൊണ്ട്, ഇക്കാര്യം ബാങ്കില്‍ അറിയിച്ചു. ബാങ്ക് ഓഫ് ബറോഡ എടിഎമ്മിലാണ് ഈ അത്ഭുതപ്രതിഭാസം. എന്നാല്‍ പിന്നീട് ബാങ്ക് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോള്‍, എടിഎം മെഷീന്റെ തകരാറ് കാരണമാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് കണ്ടെത്തി. എടിഎമ്മില്‍ ഉണ്ടായിരുന്ന 6.76 ലക്ഷം രൂപയുടെ നോട്ടുകള്‍ മാറ്റിയശേഷമാണ് തകരാര്‍ പരിഹരിച്ചത്. പത്തോളം പേര്‍ക്ക് ഈ എടിഎമ്മില്‍നിന്ന് വന്‍തുക ലഭിച്ചതായും ബാങ്ക് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. 100 രൂപ നോട്ടിന്റെ സ്ഥാനത്ത് 2000 രൂപയുടെ നോട്ടുകള്‍ വന്നതാണ് എടിഎമ്മിന് സംഭവിച്ച തകരാറ്. ഇതുകാരണമാണ് ജിതേഷ് 3500 ആവശ്യപ്പെട്ടപ്പോള്‍ 70000 രൂപ പുറത്തുവന്നതെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam