
ബെളഗാവി : മുങ്ങിമരണമെന്ന് കരുതിയ യുവതിയുടെ മരണം ക്രൂരമായ കൊലപാതകമാണെന്ന് കണ്ടുപിടിച്ച് പോലീസ്. കര്‍ണാടകയിലെ ബെളഗാവിയിലാണ് കാമുകനും സഹോദരനും ചേര്‍ന്ന് ഇരുപത്തിരണ്ടുകാരിയെ ട്രെയ്നില്‍ നിന്നും പുഴയിലേക്ക് എറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തിയത്. പൂനം എന്ന പെണ്‍കുട്ടിയെ ആണ് മാര്‍ച്ച് 15ന് കൊലപ്പെടുത്തിയത്
സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, ബെളഗാവി സ്വദേശിയായ 22 കാരി പൂനവുമായി സുനില്‍ എന്ന യുവാവ് പ്രണയത്തിലായിരുന്നു. സുനില്‍ ബിഎച്ച്എംഎസ് വിദ്യാര്‍ത്ഥിയാണ്. അടുത്തിടെ തന്നെ വിവാഹം കഴിക്കണം എന്ന് സുനിലിനോട് പൂനം നിരന്തരം ആവശ്യപ്പെടാന്‍ തുടങ്ങി. എന്നാല്‍ സുനില്‍ ഇതിന് സമ്മതിച്ചില്ല. ഒടുവില്‍ പൂനത്തെ കൊലപ്പെടുത്തി പ്രണയ ബന്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സുനില്‍ തീരുമാനിച്ചു.
ഒടുവില്‍ ഗോവയില്‍ വച്ച് വിവാഹിതരാകാം എന്ന് പൂനത്തെ തെറ്റിദ്ധരിപ്പിച്ച് ഇവര്‍ യാത്ര തുടങ്ങി.സഹോദരന്‍ സഞ്ജയ്‌നെയും സുനില്‍ ഒപ്പം കൂട്ടിയിരുന്നു.യാത്രാമധ്യേ ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു ഇരുവരുടെയും പദ്ധതി. ഇതുപ്രകാരം ബെളഗാവി ജില്ലയിലെ അസ്റ്റോളിയിലൂടെ പുഴയ്ക്ക് മുകളിലെ പാലത്തിലൂടെ ട്രെയിന്‍ സഞ്ചരിക്കവെ സുനിലും സഞ്ജയും ചേര്‍ന്ന് യുവതിയെ താഴേക്ക് തള്ളിയിട്ടു.
വെള്ളത്തില്‍ വീണ പൂനം മുങ്ങിമരിച്ചു. അതിനിടെ, മകളെക്കുറിച്ച് വിവരമൊന്നുമില്ലാതായതോടെ മാതാപിതാക്കള്‍ ഖാനാപുര പൊലീസില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പൂനത്തിന്റെ മൃതദേഹം പുഴയില്‍ നിന്ന് ലഭിക്കുന്നത്.
തുടര്‍ന്ന് യുവതിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ച പൊലീസ് സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തനിക്കൊന്നുമറിയില്ലെന്ന് ആദ്യം ഇയാള്‍ നിഷേധിച്ചെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. വൈകാതെ സഹോദരന്‍ സഞ്ജയ്‌യെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam