
ശ്രീനഗര്‍: കത്വയില്‍ ക്രൂരപീഡനമേറ്റ് കൊല്ലപ്പെട്ട എട്ട് വയസ്സുകാരിയെ ഖബറടക്കാന്‍ സ്ഥലം നല്‍കിയ ആള്‍ക്ക് ജീവന് ഭീഷണിയുള്ളതായി പരാതി. കത്വ പെണ്‍കുട്ടിയെ സംസ്കരിക്കാന്‍ ഭൂമി വിട്ട് നല്‍കിയ മുഹമ്മദ് റഫീഖിനെ ഹിന്ദു ഏക്താ മഞ്ച് നേതാവ് ഭീഷണിപ്പെടുത്തിയതായാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ആ പ്രദേശം വിട്ട് പോകാന്‍ ആവശ്യപ്പെട്ടതായും ഗുജ്ജര്‍ സമുദായക്കാരനായ റഫീഖ് പരാതിയില്‍ പറയുന്നു. സര്‍പാഞ്ച് കണ്ഡ് കുമാര്‍ എന്ന ആള്‍ ഭീഷണിപ്പെടുത്തിയതായി കാണിച്ച് റഫീഖ് പരാതി നല്‍കിയതായി പൊലീസ് വ്യക്തമാക്കി.സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
ജനുവരി 17ന് മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ രസാനയിലെ തന്‍റെ ഭൂമിയില്‍ ഖബറടക്കണമെന്നായിരുന്നു പിതാവിന്‍റെ ആഗ്രഹം. അദ്ദേഹത്തിന്‍റെ അമ്മയെയും മൂന്ന് മക്കളെയും ഖബറടക്കിയത് ആ മണ്ണിലായിരുന്നു. എന്നാല്‍ രസാനയിലെ ജനങ്ങള്‍ അതിന് അനുവദിച്ചില്ല. തുടര്‍ന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള കാനാഹ് ഗ്രാമത്തിലെ ബന്ധു മുഹമ്മദ് റഫീഖിന്‍റെ ഭൂമിയിലെത്തിയാണ് ഒടുവില്‍ അവളെ ഖബറടക്കിയത്.
Read Also : കത്വ പീഡനം; നാട്ടുകാര്‍ തടഞ്ഞു, മകളെ തന്‍റെ മണ്ണില്‍ ഖബറടക്കാനാകാതെ പിതാവ്
ഖബറടക്കുന്നതിനായി പകുതിയോളം കുഴിയെടുത്തിരുന്നു. അപ്പോഴാണ് ഗ്രാമവാസികള്‍ അവിടെയെത്തിയതും ഖബറടക്കത്തെ എതിര്‍ത്തതും. തങ്ങളുടെ ഭൂമിയല്ല എന്നാണ് അവര്‍ വാദിച്ചതെന്നും പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞു. ഇതോടെ റഫീഖ് ഖബറടക്കത്തിനായുള്ള സ്ഥലം വിട്ട് നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പ്രദേശത്തെ ഹിന്ദു കുടുംബത്തില്‍ നിന്നാണ് ഈ ഭൂമി വാങ്ങിയത്. എന്നാല്‍ മതിയായ രേഖകള്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. ഈ അവസരം മുതലാക്കുകയായിരുന്നു ഗ്രാമവാസികള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam