
ആലപ്പുഴ: മൂന്നാം തവണയും ഭാഗ്യദേവത തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് മനോഹരനും കുടുംബവും. തകഴി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പടഹാരം ലക്ഷ്മി ഗോകുലത്തില്‍ റിട്ട. കെഎസ്ഇബി ഓവര്‍സിയര്‍ മനോഹര(63)നാണ് വെള്ളിയാഴചത്തെ നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിനും അര്‍ഹനായത്. ഒരേ നമ്പരില്‍പ്പെട്ട 12 ടിക്കറ്റുകളില്‍ 11 എണ്ണമാണ് മനോഹരന്‍ വാങ്ങിയത്. ഇതില്‍ എന്‍ ആര്‍ 212329 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. ഒരു ടിക്കറ്റ് മനോഹരന്‍ എത്തുന്നതിന് മുമ്പ് മറ്റാരോ വാങ്ങിയിരുന്നു.
കെ.എസ്.ഇ.ബിയില്‍ ജോലിയിലിരിക്കെ സ്ഥിരമായി ലോട്ടറി എടുക്കുന്ന ശീലം മനോഹരനുണ്ടായിരുന്നു. ചെറിയഭാഗ്യങ്ങള്‍ മുമ്പ് തന്നെ തേടിയെത്തിയരുന്നെങ്കിലും 2016, 2017, വര്‍ഷങ്ങളിലുമാണ് ഒന്നാം സമ്മാനങ്ങള്‍ തേടിയെത്തിയത്. 2016 ആഗസ്റ്റില്‍ പൗര്‍ണ്ണമി ലോട്ടറിയുടെ 65 ലക്ഷവും, 2017 നവംബറില്‍ നിര്‍മ്മല്‍ ലോട്ടറിയുടെ 70 ലക്ഷവും വീതമുളള ഒന്നാം സമ്മാനമാണ് ലഭിച്ചത്. ഇത് മകള്‍ ലക്ഷ്മിയുടെ വിവാഹാവശ്യത്തിനും മറ്റ് ചെലവുകള്‍ക്കുമായി വിനിയോഗിച്ചു.
അമ്പലപ്പുഴ പടിഞ്ഞാറെ നടയിലെ ശ്രീവത്സം ലോട്ടറി ഏജന്‍സിയില്‍ നിന്നെടുത്ത ടിക്കറ്റുകള്‍ക്കാണ് മൂന്നുതവണയും ഒന്നാം സമ്മാനം നേടിയത്. വ്യാഴാഴ്ച താന്‍ എടുത്ത നിര്‍മ്മല്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് ഏജന്‍സിയില്‍ നിന്നറിയിച്ചെങ്കിലും വിശ്വസിക്കാനായില്ലെന്ന് മനോഹരന്‍ പറഞ്ഞു. ഒന്നാം സമ്മാനത്തിന് പുറമേ സമാശ്വാസ സമ്മാനമായ 10000 രൂപ വീതവും മനോഹരനെടുത്ത ബാക്കി പത്ത് ടിക്കറ്റുകള്‍ക്ക് ലഭിക്കും. ഒന്നാം സമ്മാനത്തിന് പുറമേ സമാശ്വാസ സമ്മാനങ്ങള്‍ എല്ലാം ആലപ്പുഴ ജില്ലയിലെ ഒരു ഏജന്‍സിയില്‍ നിന്നുള്ള ടിക്കറ്റിനാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam