
ആലപ്പുഴ: 'വിശപ്പ് രഹിത നഗരം' പദ്ധതി നടപ്പാക്കാനായി ആലപ്പുഴ ജില്ലാ ഭരണകൂടം തകൃതിയായി ആലോചന നടത്തുമ്പോഴേക്കും മാരാരിക്കുളം പഞ്ചായത്തില്‍ നാളെ പദ്ധതി ഉദ്ഘാടനം ചെയ്യും. ഒരു നേരത്തെ പൂര്‍ണ ഭക്ഷണം ലഭിക്കാത്ത ഒരാള്‍ പോലും മാരാരിക്കുളത്ത് ഉണ്ടാവരുതെന്നാണ് പദ്ധതിയുടെ ലക്ഷ്യം. 'വിശപ്പുരഹിത മാരാരിക്കുളം' എന്നതിനൊപ്പം ' ഊണു പങ്കിടാം' (share a meal) എന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്.
നാളെ രാവിലെ 9 ന് മണ്ണഞ്ചേരി കണ്ണര്‍കാട് ദേശാഭിമാനി വായനശാലയ്ക്ക് സമീപം ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭക്ഷ്യസിവില്‍ സപ്ലൈസ് ആരംഭിക്കുന്ന വിശപ്പ് രഹിത കേരളം പദ്ധതിയുടെ ആലപ്പുഴയിലെ പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായാണിത്. പരസഹായം ഇല്ലാതെ ഒറ്റപ്പെട്ട് കഴിയുന്നവരേയും കിടപ്പുരോഗികളേയും ഉള്‍പ്പെടുത്തിയാണ് പദ്ധതി ആരംഭിക്കുന്നത്.
ആര്യാട്, മാരാരിക്കുളം, മണ്ണഞ്ചേരി, മുഹമ്മ എന്നീ നാല് ഗ്രാമപഞ്ചായത്തുകളിലായി 400 പേര്‍ക്ക് ആദ്യഘട്ടത്തില്‍ ഭക്ഷണം നല്‍കും. പാതിരപ്പള്ളി, മണ്ണഞ്ചേരി എന്നിവിടങ്ങളിലെ കേന്ദ്രീകൃത അടുക്കളയില്‍ നിന്ന് വാഹനം ഉപയോഗിച്ച് വിവിധ കേന്ദ്രങ്ങളില്‍ കാസറോളുകളില്‍ ഭക്ഷണം എത്തിക്കും. ഓരോ വാര്‍ഡുകളിലും ഭക്ഷണ വിതരണത്തിന് പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്. ഉച്ചയൂണു വിതരണത്തിനായി മാത്രം 100 ഓളം പേര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും.
ഉദ്ഘാടന ചടങ്ങില്‍ ഭക്ഷണ വിതരണങ്ങളുടെ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും. ധനമന്ത്രി ടി.എം തോമസ് ഐസക്ക് അദ്ധ്യക്ഷത വഹിക്കും. കളക്ടര്‍ ടി.വി അനുപമ ഷെയര്‍ മീല്‍സ് സന്ദേശം നല്‍കും. മാരാരിക്കുളത്തെ ഒന്‍പത് പാലിയേറ്റീവ് സൊസൈറ്റികളുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജീവതാള പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയാണ് അപ്പെക്‌സ് ബോഡി. മണ്ണഞ്ചേരിയില്‍ പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റും പാതിരപ്പള്ളിയില്‍ സ്‌നേഹജാലകവും പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്തിട്ടുണ്ട്.
പങ്കിട്ട് ഊണു കഴിക്കാം (Share a meal)
പാതിരപ്പള്ളി, മണ്ണഞ്ചേരി എന്നിവിടങ്ങളിലെ കേന്ദ്രീകൃത അടുക്കളകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് 20 രൂപയ്ക്ക് ഊണ് ലഭിക്കും. ചോറ്, സാമ്പാര്‍, മീന്‍കറി, തോരന്‍, അച്ചാര്‍ എന്നിവയാണ് വിഭവങ്ങള്‍. സാധാരണ 40 രൂപ വിലവരുന്ന ഭക്ഷണമാണ് 20 രൂപയ്ക്ക് ഇവിടെ കൊടുക്കുന്നത്. ഭക്ഷണം കഴിക്കുന്നവരോട് ഒരു കൂപ്പണ്‍ കൂടി വാങ്ങി പെട്ടിയില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കും. 20 രൂപ നല്‍കാന്‍ കഴിവില്ലാത്തവര്‍ക്ക് ആ കൂപ്പണ്‍ എടുത്ത് ഭക്ഷണം കഴിക്കാവുന്നതാണ്. അതായത് പണമുള്ളവനും ഇല്ലാത്തവനും മാന്യമായി വയറ് നിറയെ ഭക്ഷണം കഴിക്കാം. 20 രൂപയുടെ കൂപ്പണെടുക്കുന്നവര്‍ക്കാകട്ടെ, മറ്റൊരാള്‍ക്ക് ഒരുനേരത്തെ അന്നമേകിയെന്ന സന്തോഷം ബോണസായി ലഭിക്കും.
ചെലവ് അഞ്ച് ലക്ഷം
രണ്ട് അടുക്കളകള്‍ക്കും പച്ചക്കറികള്‍ക്കും വണ്ടിയുടെ ഡീസലിനും ഒരു ഡസന്‍ ജീവനക്കാര്‍ക്കുമായി പ്രതിമാസം 45 ലക്ഷം രൂപ വരെയാണ് ചെലവ്. ഇത് ഉദാരമതികളില്‍ നിന്ന് സമാഹരിക്കാനാണ് ഉദ്ദേശ്യം. സിവില്‍ സപ്ലൈസ് വകുപ്പില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കും. വീടുകളിലെ പിറന്നാള്‍, കല്യാണം, അടിയന്തിരം തുടങ്ങിയവയോടനുബന്ധിച്ച് ഇവിടെ അന്നദാനം നടത്താം. എല്ലാവര്‍ഷവും ഇത്തരത്തില്‍ മുന്‍കൂട്ടി സഹായം പ്രഖ്യാപിക്കുന്നവരുടെ പ്രത്യേക ഡയറക്ടറി അച്ചടിച്ച് വിതരണം ചെയ്യും. 365 ദിവസവും സ്‌പോണ്‍സര്‍മാരെ കണ്ടെത്തുകയാണ് ലക്ഷ്യം.
ഇ ഹെല്‍ത്ത് പ്രോഗ്രാം
ഭക്ഷണത്തോടൊപ്പം സാന്ത്വന പരിചരണവും ലഭ്യമാകുന്ന ഇഹെല്‍ത്ത് പ്രോഗ്രാമെന്ന പദ്ധതിയും ഉടന്‍ ആരംഭിക്കും. ഈ പദ്ധതിയിലൂടെ സാന്ത്വന പരിചാരകന്‍ രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുക മാത്രമല്ല, എല്ലാ ദിവസവും കിടപ്പ് രോഗികളുടെ വീട് സന്ദര്‍ശനവും ഉറപ്പ് വരുത്തും. രോഗിക്ക് എന്തെങ്കിലും പ്രത്യേക അസുഖ കൂടുതല്‍ തോന്നുകയാണെങ്കില്‍ ചെല്ലുന്നയാള്‍ കിടപ്പ് രോഗിയുടെ വീഡിയോ, ഓഡിയോ റെക്കോര്‍ഡെടുത്ത് പ്രത്യേക മൊബൈല്‍ ആപ്പ് വഴി സന്നദ്ധരായ ഡോക്ടര്‍മാര്‍ക്ക് അയച്ചുകൊടുക്കും. ഡോക്ടര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി തല്‍സമയ പരിശോധനയും നടത്തും. വീഡിയോ റെക്കോര്‍ഡുകള്‍ ബന്ധപ്പെട്ട പാലിയേറ്റീവ് സംഘടനകള്‍ക്കും ലഭ്യമാകും. വിദഗ്ധ പരിശോധന ആവശ്യമെങ്കില്‍ ട്രെയിനിംഗ് ലഭിച്ച നഴ്‌സിനെയോ ഡോക്ടറേയോ എത്തിക്കും. ആശുപത്രിയിലേയ്ക്ക് പോകേണ്ട അവസ്ഥയാണെങ്കില്‍ ആംബുലന്‍സ് ഉപയോഗിച്ച് രോഗിയെ ആശുപത്രിയില്‍ എത്തിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam