
കസാന്‍: ടീമിന്റെ യഥാത്ഥ ശക്തി പുറത്തെടുക്കാനായാല്‍ ബെല്‍ജിയത്തെ തടയാന്‍ ബ്രസീലിന് കഴിയില്ലെന്ന് ബെല്‍ജിയന്‍ കോച്ച് റോബര്‍ട്ട് മാര്‍ട്ടിനെസ്. ലോകകപ്പില്‍ ബ്രസീലിനെ നേരിടാന്‍ കാത്തിരിക്കുകയായിരുന്നു. ജപ്പാനെതിരെ പ്രീക്വാര്‍ട്ടറില്‍ അവിശ്വസനീയ തിരിച്ചു വരവ്. രണ്ട് ഗോളിന് പിന്നിട്ടു നിന്നിട്ടും മൂന്ന് ഗോള്‍ തിരിച്ചടിച്ച് ബെല്‍ജിയം ജയിച്ചു. ശക്തരായ ബ്രസീല്‍ മുന്നിലെത്തുമ്പോള്‍ ഈ കരുത്ത് കളത്തില്‍ കാണിക്കാനാണ് ടീമിനോട് മാര്‍ട്ടിനെസ് പറയുന്നത്.
പന്ത് കൈവശം വയ്ക്കുന്നതും ഫോര്‍മേഷനുമൊന്നും ബ്രസീല്‍ പോലൊരു ടീമിനോട് മത്സരിക്കുമ്പോള്‍ ഫലിച്ചെന്ന് വരില്ല. അവിടെ പത്ത് പേരുമായി ആക്രമിക്കേണ്ടി വരും. ടീമൊന്നായി പ്രതിരോധിക്കേണ്ടി വരും. ബെല്‍ജിയം താരങ്ങള്‍ ഇത്തരമൊരു മത്സരം കാത്തിരിക്കുകയായിരുന്നെന്നും മാര്‍ട്ടിനെസ് പറയുന്നു. ജപ്പാനെതിരെ ബെല്‍ജിയത്തിന് കളിക്കാരുടെ ശാരീരിക ശേഷി മുന്‍തൂക്കം നല്‍കി. അത് ബ്രസീലിനെതിരെയും കൊണ്ടുവരാന്‍ കോച്ച് ശ്രമിക്കുമെന്നും കോച്ച്.
നാളെ ഉയരക്കാരന്‍ ഫെല്ലെയ്‌നി ആദ്യ ഇലവിനിലെത്താനും സാധ്യതയുണ്ട്. കൊമ്പനി നേതൃത്വം നല്‍കുന്ന പ്രതിരോധവും ഡിബ്രുയിന്റെ മധ്യനിരയിലെ കരുത്തും ഹസാര്‍ഡ് ലുക്കാക്കു ആക്രമണ നിരയും ആരെയും വീഴ്ത്താന്‍ പോന്നവര്‍. പകരക്കാരുടെ സ്‌കോറിംഗ് മികവാണ് ബെല്‍ജിയത്തിന്റെ മറ്റൊരു കരുത്ത്.
ഫെല്ലെയ്‌നിയും ബാറ്റ്ഷുയിയും ചാഡ്‌ലിയുമൊക്കെ പകരക്കാരായി ഇറങ്ങി വലകുലുക്കി. ഇംഗ്ലണ്ടിനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ അദ്‌നാന്‍ ജനുസാജ് ആയിരുന്നു സ്‌കോറര്‍. ബ്രസീല്‍ പോലെ സന്തുലിതമായ ഒരു ടീമിനെതിരെ ബെല്‍ജിയവും മികച്ച പോരാട്ടം പുറത്തെടുത്താല്‍ ക്വാര്‍ട്ടര്‍ ആവേശമാകുമെന്നുറപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam