
ഖത്തറില്‍ ഈ മാസം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ആയിരത്തിലധികം അനധികൃത താമസക്കാര്‍ ഉപയോഗപ്പെടുത്തിയതായി സെര്‍ച് ആന്റ് ഫോളോഅപ് വിഭാഗം അറിയിച്ചു. ഇവര്‍ക്ക് മതിയായ യാത്ര രേഖകള്‍ തരപ്പെടുത്തി കൊടുക്കാന്‍ മന്ത്രാലയത്തിന് കഴിഞ്ഞതായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അതേസമയം ഔട്ട് പാസിനായി ഇന്ത്യന്‍ എംബസിയെ സമീപിക്കുന്നവരില്‍ നിന്നും ഈടാക്കുന്ന 60 റിയാല്‍ ഫീസ് പിന്‍വലിക്കണമെന്ന ആവശ്യം എംബസി അധികൃതര്‍ ഇതേവരെ ചെവിക്കൊണ്ടിട്ടില്ല.
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടുന്നതിന് ഈ മാസം ഒന്ന് മുതലാണ് സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതിനായി സമീപിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനായി ഒരേ സമയം മുന്നൂറു പേരെ ഉള്‍കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ പ്രത്യേക ഓഫീസ് സംവിധാനവും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. 20ഓളം ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 40 ജീവനക്കാരാണ് ഇതിനു മാത്രമായി പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ച മുതല്‍ വ്യാഴം വരെ ഉച്ചക്ക് രണ്ടിനും വൈകുന്നേരം ആറിനും ഇടക്കാണ് ഓഫീസിന്റെ പ്രവര്‍ത്തന സമയം. പൊതുമാപ്പിന് എത്തുന്നവര്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെ കുറിച്ചും ആവശ്യമായ രേഖകളെക്കുറിച്ചുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ഓഫീസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ടിക്കറ്റ് എടുക്കാതെ വരുന്നവര്‍ക്ക് പണമുണ്ടെങ്കില്‍ വിമാന ടിക്കറ്റ് നല്‍കാനും പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെ പാസ്‌പോര്‍ട്ട് നഷ്‌ടപ്പെട്ടവരും കാലാവധി കഴിഞ്ഞവരുമായ അപേക്ഷകരില്‍ നിന്ന് ഇന്ത്യന്‍ എംബസി ഈടാക്കുന്ന അറുപത് റിയാല്‍ ഫീസ് പിന്‍വലിക്കണമെന്ന ആവശ്യത്തോട് എംബസി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവരെ സഹായിക്കാന്‍ വിധ സംഘടനകളുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്കുകളും ആരംഭിച്ചിട്ടുണ്ട്.എന്നാല്‍ ഉത്സവ സീസണ്‍ ആയതോടെ വിമാന ടിക്കറ്റു നിരക്ക് കുത്തനെ ഉയര്‍ന്നതിനാല്‍ പലരും ടിക്കറ്റിനുള്ള പണം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam