നടന്മാർ തടാകത്തിൽ മുങ്ങിയ സംഭവം; ഒരാളുടെ മൃതദ്ദേഹം കിട്ടി

By Web DeskFirst Published Nov 9, 2016, 1:00 PM IST
Highlights

ബംഗലൂരു: സിനിമ ചിത്രീകരണത്തിനിടെ താടകത്തിൽ മുങ്ങിപ്പോയ കന്നട താരം ഉദയുടെ മൃതദേഹം കണ്ടെടുത്തു. ഉദയോടൊപ്പം അപകടത്തിൽ പെട്ട അനിലിനായി മുങ്ങൽ വിദഗ്ധരടങ്ങുന്ന സംഘം തെരച്ചിൽ തുടരുകയാണ്. ബംഗളുരുവിലെ തിപ്പഗൊണ്ടനഹള്ളി തടാകത്തിൽ അപകടം നടന്ന് 48 മണിക്കൂറിന് ശേഷമാണ് കന്നട താരം ഉദയുടെ മൃതദ്ദേഹം കണ്ടെത്താൻ രക്ഷാപ്രവർത്തകർക്കായത്.

പല ഭാഗങ്ങളും അഴുകി ചീർത്ത നിലയിലായിരുന്നു ഉദയുടെ മൃതദ്ദേഹം.ഉദയിനോടൊപ്പം ടിജി ഹള്ളി തടാകത്തിൽ മുങ്ങിപ്പോയ അനിലിനായി തെരച്ചിൽ തുടരുകയാണ്.തടാകത്തിന്റെ ആഴവും അടിത്തട്ടിലെ ചെളിയും മീൻപിടുത്തക്കാർ ഉപേക്ഷിച്ച വലകളും തെരച്ചിലിന് തടസമാകുന്നുണ്ട്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും കൂടുതൽ മുങ്ങൽ വിദഗ്ദരെ എത്തിച്ചാണ് ദേശീയ ദുരന്ത നിവാരണ സേന ഇന്ന് തെരച്ചിൽ പുനഃരാരംഭിച്ചത്. ഇതിനിടെ സംസ്ഥാന ആഭ്യന്തരമന്ത്രി പരമേശ്വര ടിജി ഹള്ളി തടാകം സന്ദർശിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മസ്തിഗുഡി എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഹെലികോപ്റ്ററിൽ നിന്ന് തടാകത്തിലേക്ക് ചാടിയ ഉദയും അനിലും മുങ്ങിപ്പോയത്.. അശ്രദ്ധമായി മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ ചിത്രീകരണം നടത്തിയതിന് മസ്തിഗുഡിയുടെ നിർമാതാക്കളിലൊരാളായ സുന്ദർ ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു.ചിത്രത്തിന്റെ സംവിധായകൻ നാഗശേഖർ, സ്റ്റണ്ട് മാസ്റ്റർ രവി വർമ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

click me!