സഞ്ചാരി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ ഇനി പൊലീസുകാര്‍ക്കൊപ്പം 'ശ്രീകൃഷ്ണനും'

By Web DeskFirst Published Dec 14, 2017, 10:30 AM IST
Highlights

ആഗ്ര: ഉത്തര്‍പ്രദേശിലെ വിനോദ സഞ്ചാര മേഖലകളെ കൂടുതല്‍ സൗഹാര്‍ദപരമാക്കാന്‍ ശ്രീകൃഷ്ണനെ കൂട്ട് പിടിച്ച് മഥുര പൊലീസ്. മഥുര പൊലീസിന്റെ യൂണിഫോമിലാണ് ശ്രീകൃഷ്ണന്‍ ഇടം പിടിക്കാന്‍ പോവുന്നത്.  ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ തീര്‍ത്ഥാടന ഇടങ്ങളില്‍ വൃന്ദാവന്‍ ഇടം പിടിച്ചതോടെയാണ് പൊലീസുകാരുടെ യൂണിഫോമില്‍ ശ്രീകൃഷ്ണന്റെ ലോഗോ ഉള്‍പ്പെടുത്തിയ ബാഡ്ജ് കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. പൊലീസിലെ റാങ്ക് വ്യക്തമാക്കുന്നതിനൊപ്പമാണ് പുതിയ ലോഗോ ഇടം പിടിക്കുക. യൂണിഫോമിലെ പുതിയ മാറ്റത്തെക്കുറിച്ച് അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 

ഉത്തര്‍പ്രദേശ് പൊലീസിനെ കൂടുതല്‍ ടൂറിസം മേഖലയോട് കൂടുതല്‍ അടുത്ത് നിര്‍ത്താനാണ് നടപടിയെന്നാണ് മഥുര പൊലീസ് സീനിയര്‍ സൂപ്രണ്ട് വിശദമാക്കുന്നു. നേരത്തെ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു ഉത്തര്‍പ്രദേശ് പൊലീസ്. എന്നാല്‍ ഭരണഘടനയുടെ മതേതര സ്വഭാവം നിലനിര്‍ത്തേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്. യു പി സര്‍ക്കാരിന്റെ കാവിവല്‍ക്കരണത്തിന്റെ ഭാഗമായാണ് പൊലീസ് യൂണിഫോമിലെ മാറ്റമെന്നാണ് ആരോപണം. 

പൊലീസ് യൂണിഫോമിന് ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നത് മതേതര ആസയങ്ങള്‍ക്ക് എതിരാണെന്ന് മുന്‍ ഡിജിപി ബ്രിജ് ലാല്‍ പറഞ്ഞു. മതേതര രാഷ്ട്രമെന്ന നിലയില്‍ സര്‍ക്കാര്‍ ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നും പൊലീസ് യൂണിഫോമില്‍ ശ്രീകൃഷ്ണന്റെ ലോഗോ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റൊന്നും കാണുന്നില്ലെന്നുമാണ് സംസ്ഥാന ബിജെപി നേതൃത്വം അഭിപ്രായപ്പെടുന്നത്. 

click me!