മാവേലിക്കര സഹകരണ തിരിമറി; തുക തട്ടിച്ചവരില്‍ നിന്ന് തിരിച്ചുപിടിക്കും

By Web DeskFirst Published Mar 24, 2017, 5:39 PM IST
Highlights

മാവേലിക്കര: മാവേലിക്കര സഹകരണ ബാങ്കില്‍ പണാപഹരണം നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് തട്ടിച്ച തുക തിരിച്ച് പിടിക്കാന്‍ സഹകരണ വകുപ്പ് നടപടി തുടങ്ങി. 34.82 കോടി അപഹരിച്ചതായും 30 കോടിയിലേറെ രൂപ  ബാങ്കിന് നഷ്‌ടം വരുത്തിയതായും അസിസ്റ്റന്റ് രജിസ്ട്രാര്‍ - ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് മാവേലിക്കര സഹകരണ തിരിമറി പുറത്ത് കൊണ്ട് വന്നത്.

വ്യാജ അക്കൗണ്ടുകള്‍ വഴിയും മരിച്ചവരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ചും കഴിഞ്ഞ 6 വര്‍ഷത്തിനിടെയാണ് തിരിമറികള്‍ നടന്നത്. പലതവണകളിലായി 34.82 കോടി ബാങ്കില്‍ നിന്ന് മോഷ്‌ടിക്കപ്പെട്ടു. മാവേലിക്കര സഹകരണ ബാങ്കിന് കീഴിലെ തഴക്കര ശാഖയിലാണ് പ്രധാനമായും തട്ടിപ്പുകള്‍ നടന്നത്. ബാങ്ക് ജീവനക്കാര്‍, ഭരണ സമിതി, ബാങ്കിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയുടെ നടത്തിപ്പുകാര്‍ തുടങ്ങിയവരെയാണ് പ്രധാനമായും റിപ്പോര്‍ട്ട് കുറ്റക്കാരായി കണ്ടെത്തുന്നത്. ഇതില്‍ ആരൊക്കെ എത്രയൊക്കെ തുക അപഹരിച്ചുവെന്ന് തിട്ടപ്പെടുത്തി അവരില്‍ നിന്ന് പണം വസൂലാക്കാനാണ് സഹകരണ വകുപ്പിന്റെ നീക്കം.

സഹകരണ നിയമം വകുപ്പ് 68 പ്രകാരമുള്ള നടപടികള്‍ ജോയിന്റ് രജിസ്ട്രാര്‍ ആരംഭിച്ചു. പ്രവര്‍ത്തന വൈകല്യം വഴി 30 കോടിയിലേറെ രൂപയുടെ സാമ്പത്തിക നഷ്‌ടം കുറ്റക്കാര്‍ ബാങ്കിന് വരുത്തി വച്ചു. നടപടി എടുക്കേണ്ടിയിരുന്ന ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യൂവിന് ക്രമക്കേടുകളില്‍ പങ്കുണ്ടെന്നും ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറിയ അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നടപടി ശുപാര്‍ശകളടക്കം അന്വേഷണ റിപ്പോര്‍ട്ട് ജോയിന്റ് രജിസ്ട്രാര്‍ സഹകരണ വകുപ്പ് സെക്രട്ടറിക്കും രജിസ്ട്രാര്‍ക്കും ഉടന്‍ കൈമാറും. കൂടുതല്‍ നടപടികള്‍ ഇനി മന്ത്രി തലത്തിലാകും കൈകൊള്ളുക.

click me!