തൊഴിലിടങ്ങളിലെ അതിക്രങ്ങള്‍: കര്‍ശന നടപടിയെന്ന് വനിതാ കമ്മീഷന്‍

By Web DeskFirst Published Jul 12, 2018, 9:19 PM IST
Highlights
  • സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതി ഏറുന്നു
  • കര്‍ശന നടപടികള്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യും

തൃശൂര്‍: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. തൃശൂര്‍ ടൗണഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിവിധ തൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനൊപ്പം തന്നെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതിയും ഏറുന്നു.  

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും വ്യാപകമായ പരാതികളാണ് അദാലത്തില്‍ വന്നത്. ഈ സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുമെന്നും  വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. സ്ത്രീകളുടെ പരാതികളെ സംബന്ധിച്ച് സ്‌കൂള്‍ മാനേജ്‌മെന്‌റുകളില്‍നിന്നും നീതിപൂര്‍വ്വകമായ നടപടി കാണുന്നില്ല. മിക്ക തൊഴില്‍സ്ഥാപനങ്ങളിലും സുപ്രീം കോടതി നിര്‍ദേശിച്ച ആഭ്യന്തര പരാതി പരിഹാര കമ്മറ്റികള്‍ നിലവിലില്ല. ആഭ്യന്തര പരാതി പരിഹാര കമ്മറ്റികള്‍ ഇല്ലാത്ത മൂന്ന് സ്‌കൂളുകളോട് 15 ദിവസത്തിനുള്ളില്‍ അവ രൂപീകരിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. 

ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളുടെ അടിയന്തര ശ്രദ്ധവേണം. കേരളത്തില്‍ വ്യാപകമായി തൊഴിലിടങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര കമ്മറ്റികള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. സ്ത്രീകളുടെ പരാതിയില്‍ ഒതുക്കി തീര്‍ക്കലോ സമ്മര്‍ദമോ പാടില്ലെന്നും പരാതികള്‍ പോലീസ് അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും എം.സി. ജോസഫൈന്‍ പറഞ്ഞു. പരിഗണിച്ച 84 കേസുകളില്‍21 കേസുകള്‍ തീര്‍പ്പാക്കി. 9 കേസുകളില്‍ വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 

22 കേസുകളില്‍ കക്ഷികള്‍ ഹാജരായില്ല. 32 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. മാനസികവൈകല്ല്യമുള്ള വിവരം മറച്ചുവച്ച് വിവാഹം ചെയ്തുവെന്ന പരാതിയില്‍ സൗജന്യമായ നിയമസഹായം നല്‍കാന്‍ വനിതാ കമ്മീഷന്‍ തീരുമാനിച്ചു. വിധവയോട് ബാങ്ക് മാനേജര്‍ മോശമായി പെരുമാറിയെന്ന കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ആഗസറ്റില്‍ കമ്മീഷന്റെ അടുത്ത അദാലത്ത് നടക്കും.

click me!