അതിജീവിച്ചവള്‍ക്കൊപ്പം; അമ്മയില്‍നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമ ലോകം

Web Desk |  
Published : Jun 28, 2018, 12:25 PM ISTUpdated : Oct 02, 2018, 06:44 AM IST
അതിജീവിച്ചവള്‍ക്കൊപ്പം; അമ്മയില്‍നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമ ലോകം

Synopsis

അമ്മയില്‍നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമ ലോകം

അമ്മയില്‍നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമ പ്രവര്‍ത്തകരും മാധ്യമ വിദ്യാര്‍ത്ഥികളും രംഗത്ത്. #MediaWithTheSurvivor , #FreecinemaFromMafia എന്നീ ഹാഷ്‍ടാഗുകളിലാണ് സോഷ്യല്‍ മീഡിയയിലൂടെ നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമ സമൂഹം രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ നാല് നടിമാര്‍ക്കുമൊപ്പമെന്ന് വ്യക്തമാക്കിയാണ് മാധ്യമ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍റെ ഭാഗമാകുന്നത്. 

ആക്രമണത്തെ അതിജീവിച്ച നടി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍നിന്ന് കഴിഞ്ഞ ദിവസം രാജിവച്ചത്. ആക്രമണത്തെ അതിജീവിച്ച നടിയ്ക്കൊപ്പം നില്‍ക്കുന്ന നിലപാടിന് വിഭിന്നമായി കുറ്റാരോപിതനൊപ്പം നില്‍ക്കുന്ന നിലപാട് അമ്മ തുടരുന്ന സാഹചര്യത്തിലായിരുന്നു താരങ്ങളുടെ രാജി. 

ക്യാംപയിന്‍റെ ഉള്ളടക്കം ഇങ്ങനെ...

സിനിമാ അഭിനേതാക്കളുടെ സംഘടനയായ A.M.M.A യിൽ നിന്ന്, നേതൃത്വത്തിൽ അവിശ്വാസവും വിയോജിപ്പും പരസ്യമായി രേഖപ്പെടുത്തിക്കൊണ്ട് ധീരമായി രാജിവെച്ച ഭാവന, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവർക്ക് സ്നേഹാഭിവാദ്യങ്ങൾ.

ലൈംഗികാക്രമണത്തെ അതിജീവിച്ച ആ അഭിനേതാവ് പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുന്നത് സമാനതകളില്ലാത്ത ഉദാഹരണമായാണ്. സ്വന്തം ശരീരത്തിനും ലൈംഗികതയ്ക്കും മനസ്സിനും മേൽ ആക്രമണം നടത്തിയവരേയും അതിന് ക്വട്ടേഷൻ കൊടുത്തവരേയും അതുകണ്ടുനിന്നവരേയും ആക്രമിച്ചവരെ സംരക്ഷിക്കാൻ ശ്രമിച്ചവരേയും ചോദ്യം ചെയ്ത് A.M.M. A എന്ന സംഘടനയിൽ നിന്ന് രാജിവെക്കാനുള്ള തീരുമാനം ചരിത്രപരമായ ഒന്നാണ്. സിനിമയുടെ ആണധികാരത്തോട് കലഹിച്ച് പൊതുസമൂഹത്തിലേക്കിറങ്ങി വരാനുള്ള ആ നാല് സ്ത്രീകളുടെ തീരുമാനത്തെ ഞങ്ങൾ മാധ്യമ പ്രവർത്തകർ ബഹുമാനിക്കുന്നു. ഒട്ടും എളുപ്പമല്ലാത്ത, അധികമാർക്കും എടുക്കാൻ കഴിയാത്ത ആ രാജി തീരുമാനം ഭാവനയും റിമയും ഗീതുവും രമ്യയും എടുത്തിട്ടുണ്ടെങ്കിൽ അത് നിയമവ്യവസ്ഥയോടും രാഷ്ട്രീയ നേതൃത്വങ്ങളോടും മനുഷ്യരോടും മാധ്യമങ്ങളോടുമുള്ള വിശ്വാസം കൊണ്ടാണ്. അവർ മനുഷ്യരോടും നിയമത്തോടും മാധ്യമങ്ങളോടും ജനാധിപത്യത്തോടും പുലർത്തുന്ന വിശ്വാസം ഞങ്ങളുടെ കൂടി വിശ്വാസമായി ഏറ്റെടുക്കുന്നു. നിരുപാധികം അവർക്കൊപ്പം നിൽക്കുന്നു.

#MediaWithTheSurvivor

മുൻപ് പലതവണ എഴുതിയിട്ടുള്ളതാണ്.എങ്കിലും ഒന്നുകൂടി ചൂണ്ടിക്കാണിക്കുന്നു. സിനിമാ വ്യവസായ രംഗത്ത് നിലവിലുള്ള ഏതാണ്ട് എല്ലാ സംഘടനകളും ജനാധിപത്യപരമല്ലാതെ, വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി മാത്രം നില കൊള്ളുന്ന സാമൂഹിക പ്രതിബദ്ധതയോ സാംസ്കാരികതയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത പ്രസ്ഥാനങ്ങൾ ആണ്. വിലക്കുക, ബഹിഷ്കരിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ സാംസ്കാരിക പ്രവർത്തനങ്ങൾ ആണ് അവിടെ മിക്കവാറും നടക്കുന്നത്. കേരളത്തിൽ ഒരു സിനിമ ചെയ്യണമെങ്കിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തൊട്ട് അമ്മ, ഫെഫ്ക , ഫിലിം ചേംബർ വരെ പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ അംഗത്വം എടുക്കണം എന്ന അലിഖിത നിയമം തന്നെയുണ്ട്. മലയാള സിനിമയുടെ ടൈറ്റിൽ രജിസ്‌ട്രേഷൻ നടത്തുന്നത് ഫിലിം ചേംബർ ആണ്. അവിടെ രജിസ്‌ട്രേഷൻ ചെയ്യണമെങ്കിൽ സാമാന്യം നല്ല തുക ഫീസ് ആയി നൽകണം. മാത്രവുമല്ല മറ്റ് അനുബന്ധ സംഘടനകളിൽ ഭീമമായ തുക നൽകി അംഗത്വം എടുത്താൽ മാത്രമേ സിനിമ രജിസ്റ്റർ ചെയ്യാൻ ഫിലിം ചേംബർ അനുവദിക്കൂ. അല്ലാത്ത സിനിമകളെ സെൻസർ ചെയ്യാൻ അനുവദിക്കാതിരിക്കുക, തിയറ്ററുകൾ പ്രദർശിപ്പിക്കാൻ നൽകാതിരിക്കുക എന്ന കലാപരിപാടികൾ നടത്താറുമുണ്ട്..എന്തുകൊണ്ട് സിനിമയുടെ ടൈറ്റിൽ രജിസ്‌ട്രേഷൻ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ സർക്കാർ ചെയ്യുന്നില്ല. സിനിമാ രജിസ്‌ട്രേഷൻ പോലെയുള്ള കാര്യങ്ങൾ തന്നിഷ്ടം പോലെ നടത്താൻ ഒരു സ്വകാര്യ സംഘടനയെ ഇനിയും അനുവദിക്കേണ്ടതുണ്ടോ.ഇന്ത്യയിൽ ആദ്യമായി സർക്കാർ മേഖലയിൽ ഒരു സിനിമാ ഫെസിലിറ്റേഷൻ സ്ഥാപനം ഉണ്ടായത് കേരളത്തിലാണ് , കെ എസ് എഫ് ഡി സി, ഇന്ത്യയിൽ ആദ്യമായി ഒരു ചലച്ചിത്ര അക്കാദമി ഉണ്ടായത് കേരളത്തിലാണ്...സിനിമയിലെ സ്വകാര്യ സംഘടനകളുടെ മാഫിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ മുൻകൈ എടുക്കേണ്ട ഒരു സംസ്ഥാനവും കേരളം ആണ്. സിനിമയുടെ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള നിയമപരമായ കാര്യങ്ങൾ എന്ത്കൊണ്ട് സർക്കാർ ഏറ്റെടുക്കുന്നില്ല. കെ എസ് എഫ് ഡി സി യോ ചലച്ചിത്ര അക്കാദമിയോ ഇത് അടിയന്തിരമായി ഏറ്റെടുക്കണം. അതിനായി സർക്കാർ മുൻകൈ എടുക്കണം..അതിനുള്ള ആർജ്ജവം ഈ ഘട്ടത്തിലെങ്കിലും സർക്കാർ സ്വീകരിക്കണം.......

#Freecinemafrommafia

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'
വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു